ഡീപ്ഫേക്കുകളുടെ കാലം; കരുതൽ പ്രധാനം
Mail This Article
നമ്മുടെ സമ്മതമില്ലാതെ കെട്ടിച്ചമച്ച ഒരു വിഡിയോ ഓൺലൈനിൽ കാണുന്നതു സങ്കൽപിച്ചു നോക്കൂ. ഇതൊരു അശ്ലീല വിഡിയോ ആണെങ്കിലോ.. രശ്മിക മന്ദാനയുടെയും തുടർന്ന് കജോൾ അടക്കമുള്ള ഒട്ടേറെ നടിമാരുടെയും മുഖം വളരെ വ്യക്തമായ ഫൂട്ടേജുകളിലേക്ക് മോർഫ് ചെയ്ത ഡീപ്ഫേക്ക് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന പരിഭ്രാന്തി സമൂഹത്തിലുണ്ടായി. ഡീപ്ഫേക്ക് ഫ്യൂച്ചറിസ്റ്റിക് ടെക്നോളജിയെന്നു തോന്നുമെങ്കിലും ഇതിന്റെ ദോഷഫലങ്ങൾ നമുക്കിടയിൽത്തന്നെ അനുഭവപ്പെട്ടു തുടങ്ങി.
അശ്ലീല വിഡിയോയിൽ കുടുങ്ങുന്ന മുഖങ്ങൾ അത്രയേറെ യഥാർഥമെന്നു തോന്നിക്കുന്നതായിരുന്നു. രശ്മികയുടെ ഡീപ്ഫേക്ക് അശ്ലീല ക്ലിപ് വ്യാപകമായി പ്രചരിച്ചതോടെയാണ് ഇതിന്റെ അപകടങ്ങളെക്കുറിച്ചു വ്യാപക ചർച്ചകളുണ്ടാകുന്നത്. സെലിബ്രിറ്റികൾക്കു വേണ്ടി മാത്രമല്ല ഇത്തരം ഡിജിറ്റൽ ഭൂതങ്ങൾ പതിയിരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ്, കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട എഐ-ഡീപ്ഫേക്ക് തട്ടിപ്പിൽ കോഴിക്കോട് സ്വദേശിക്ക് 40,000 രൂപ നഷ്ടപ്പെട്ടു. ഇരയുടെ മുൻ സഹപ്രവർത്തകന്റെ ദൃശ്യങ്ങൾ ആൾമാറാട്ടം നടത്താനും വിശ്വാസം നേടാനുമായി തട്ടിപ്പുകാർ ഉപയോഗിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയുടെ ‘ബ്ലാക്ക് മാജിക്’ വഴി ഐഡന്റിറ്റി മോഷണം മികച്ചതാക്കുന്നതിനാൽ ഇന്ന് ആരും സുരക്ഷിതരല്ല. ചെറിയ കുട്ടികൾ മുതൽ സിനിമാതാരങ്ങൾ വരെ, പരിചിതമായ ഏതു മുഖത്തിനും ഇപ്പോൾ ചതിക്കാമെന്നതാണ് അവസ്ഥ. ഡീപ്‌ഫേക്കുകൾ നമ്മുടെ സ്‌ക്രീനുകളിലേക്ക് തടസ്സമില്ലാതെ നുഴഞ്ഞുകയറുമ്പോൾ, വിശ്വാസം സാങ്കേതികമായി കാലഹരണപ്പെടുന്നതിന് മുൻപ് ഈ വൈറൽ ദുരന്തം എത്രത്തോളം വ്യാപിക്കും?
ഡീപ്ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇപ്പോൾ ശക്തമായ കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് ഡിജിറ്റലായി മുഖം/ വോയ്സ് സ്വാപ്പിങ് ചെയ്യാൻ കഴിയും. സാങ്കൽപിക കോംപിനേഷനുകൾ സൃഷ്ടിക്കുന്നതിനായി വലിയ ഡേറ്റാബേസുകളിൽ നിന്നുള്ള മുഖ സൂചനകൾ, ചുണ്ടുകളുടെ ചലനങ്ങൾ, ടോണുകൾ, ഭാവങ്ങൾ എന്നിവ വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഒട്ടേറെ ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നത് ജനറേറ്റീവ് അഡ്വേഴ്‌സ്റിയൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ്. രണ്ട് ന്യൂറൽ നെറ്റ്‌വർക്കുകൾ മുഖാമുഖം വരുന്നു– ഒന്ന് കെട്ടിച്ചമച്ച ചിത്രങ്ങൾ സൃഷ്ടിക്കുകയും മറ്റൊന്ന് വ്യാജങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. ഇത് വ്യാജത്തെ, കൂടുതൽ മെച്ചപ്പെടുത്താനാണ്. ഇതിനായി ഒട്ടേറെ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്.
ഡീപ്ഫേക്കുകൾ തെറപ്പി ടൂളുകളെന്ന നിലയിൽ ഫലപ്രദമായി ഉപയോഗിക്കാനാകും. സിനിമ, വിനോദ മേഖലകളിലും വലിയ സാധ്യതകളുണ്ട്. എന്നാൽ ഇതുവഴിയുള്ള അപകടകരമായ തട്ടിപ്പുകളും വഞ്ചനകളും വർധിക്കുകയാണ്. സാങ്കേതികവിദ്യ മെച്ചപ്പെടുന്നതനുസരിച്ചു വ്യാജം എന്താണെന്നു കണ്ടെത്തുന്നതും ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ ഡിജിറ്റൽ കണ്ടന്റുകളെ മുൻകരുതലോടെ മാത്രം സമീപിക്കണം. അവിശ്വസനീയമായ ഫോർവേഡ് വിഡിയോകൾ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യണം.
എങ്ങനെ തിരിച്ചറിയാം
ഡീപ്ഫേക്ക് വിഡിയോകളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു പരിധിവരെ തിരിച്ചറിയാനാകും. അസ്വാഭാവിക ഭാവപ്രകടനങ്ങളും ചലനങ്ങളും വിഡിയോയിൽ ഉണ്ടെങ്കിൽ അത് ഡീപ്ഫേക്ക് ആകാം. മുഖം മാത്രം സംസാരിക്കുന്ന അവസ്ഥ, കഴുത്തിനു താഴേക്ക് അതിനനുസരിച്ചുള്ള ചലനങ്ങൾ ഇല്ലാതിരിക്കുക, ലിപ് സിങ്കിലുള്ള വ്യത്യാസം, പെട്ടെന്നുണ്ടാകുന്ന അസ്വാഭാവിക ചലനങ്ങൾ എന്നിവയെല്ലാം ഡീപ്ഫേക്ക് വിഡിയോകളെ തിരിച്ചറിയാനുള്ള മാർഗങ്ങളാണ്. മുഖത്തേക്കു വരുന്ന വെളിച്ചം, നിഴലിന്റെ സ്ഥാനം, വിഡിയോയിലെ ബാക്ഗ്രൗണ്ടും മനുഷ്യരും തമ്മിലുള്ള ക്ലാരിറ്റി വ്യത്യാസം, കണ്ണുചിമ്മുന്നതിലെ വ്യത്യാസങ്ങൾ എന്നിവയും ശ്രദ്ധിക്കണം. ഒന്നിൽ കൂടുതൽ സ്രോതസ്സുകൾ പരിശോധിക്കുകയെന്നതും വ്യാജ കണ്ടന്റുകളെ തിരിച്ചറിയാനുള്ള മാർഗമാണ്.