ADVERTISEMENT

സിലിക്കൺ വാലിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാടകത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ഓപ്പൺഎഐയിൽ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ആൾട്മാൻ അതേ പദവിയിൽ തിരിച്ചെത്തി. രണ്ടാം വരവിൽ ആൾട്മാൻ കൂടുതൽ ശക്തനാണെന്നു മാത്രം. കമ്പനിയെ തകർച്ചയിൽ നിന്നു രക്ഷിച്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല സിലിക്കൺ വാലിയിലെ പുതിയ കിങ് മേക്കറായി.

ഓപ്പൺഎഐ ബോർഡുമായുള്ള ആശയവിനിമയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും കമ്പനിയുടെ ഭാവി പദ്ധതികളെ സംബന്ധിച്ച് ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചുമാണ് സിഇഒ സാം ആൾട്മാനെ ഓപ്പൺ‌എഐ ബോർഡ് കഴിഞ്ഞ വെള്ളിയാഴ്ച പിരിച്ചുവിട്ടത്. തുടർന്ന് ആൾട്മാനെ ഓപ്പൺഎഐയിൽ തിരികെയെത്തിക്കാൻ കമ്പനിയിലെ പ്രധാന ഓഹരിയുടമയായ മൈക്രോസോഫ്റ്റ് രംഗത്തെത്തിയെങ്കിലും ബോർഡ് വഴങ്ങിയില്ല.

അതിനിടെ ഓപ്പൺ‌എഐ ബോർഡിനെ പിരിച്ചുവിടണമെന്നും ആൾട്മാനെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കമ്പനിയിലെ എഴുന്നൂറോളം ജീവനക്കാർ രാജിഭീഷണി മുഴക്കിയതോടെ സ്ഥിതി വഷളായി.

പ്രശ്നം പരിഹരിക്കാൻ ശക്തമായ ഇടപെടൽ നടത്തിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല സാം ആൾട്മാനെയും സഹപ്രവർത്തകരെയും മൈക്രോസോഫ്റ്റിലേക്ക് സ്വാഗതം ചെയ്തതോടെ ഓപ്പൺഎഐ ബോർഡ് ഒറ്റപ്പെട്ടു. ഇതെത്തുടർന്നാണ് ഇന്നലെ ആൾട്മാനെ എതിർത്തിരുന്ന എല്ലാവരെയും പുറത്താക്കിയും പുതിയ അംഗങ്ങളെ നിയമിച്ചും ബോർഡ് പുനഃസംഘടിപ്പിച്ചത്. തൊട്ടുപിന്നാലെ ആൾട്മാനെ വീണ്ടും ഓപ്പൺഎഐ സിഇഒ ആയി നിയമിക്കുകയും ചെയ്തു. ആൾട്മാനു പകരം ഇടക്കാല സിഇഒ ആയി നിയമിക്കപ്പെട്ട എമറ്റ് ഷിയറും പ്രശ്നപരിഹാരത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.

സഹസ്ഥാപകനായ ഇല്യ സുട്‍സ്‍കെവർ ആണ് ഗൂഗിൾ മീറ്റ് വഴി ആൾട്‍മാനെ പുറത്താക്കിയത്. നീക്കം പാളിയെന്നു മനസ്സിലായതോടെ ഇല്യ തന്റെ തീരുമാനത്തിൽ പശ്ചാത്തപിക്കുന്നെന്നു പരസ്യമായി പ്രഖ്യാപിച്ചെങ്കിലും ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഇല്യയും ഇല്ലാതായി. മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് ആണ് പുതിയ ബോർഡ് അംഗങ്ങളിൽ പ്രമുഖൻ.

English Summary:

Sam Altman is back as OpenAI CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com