സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ സ്കാൻ ചെയ്യും; വ്യാജനെ പിടികൂടും
Mail This Article
തിരുവനന്തപുരം∙ നോട്ടെണ്ണൽ യന്ത്രത്തിന്റെ മാതൃകയിൽ, സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ വേഗത്തിൽ സ്കാൻ ചെയ്യാനും വ്യാജൻമാരെ തിരിച്ചറിയാനും ലോട്ടറി വകുപ്പ് പുതിയ യന്ത്രം വികസിപ്പിക്കുന്നു. പ്രൈസ് മെഷീൻ എന്ന യന്ത്രത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് കെൽട്രോണിന് സർക്കാർ അനുമതി നൽകി. 8.58 ലക്ഷം രൂപയാണു ചെലവ്. ക്യുആർ കോഡ് സ്കാൻ ചെയ്താണ് സമ്മാനാർഹമായ ടിക്കറ്റുകൾ പരിശോധിച്ച് തരംതിരിക്കുന്നത്. ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ ഏറെ സമയമെടുക്കുന്നതും സമ്മാനത്തുക വിതരണത്തിലെ കാലതാമസവും പുതിയ യന്ത്രം വരുന്നതോടെ ഒഴിവാകും.
ഓരോ ദിവസവും ലോട്ടറി വകുപ്പിന്റെ 35 ഓഫിസുകളിൽ ശരാശരി 3 ലക്ഷത്തോളം ടിക്കറ്റുകളാണ് പരിശോധിച്ച് സമ്മാനം നൽകുന്നത്. ഓഫിസുകളിൽ സമർപ്പിക്കുന്ന സമ്മാനാർഹമായ ടിക്കറ്റുകളിലെ ക്യു ആർ കോഡ്, ഹാൻഡ് ഹെൽഡ് (hand held) അല്ലെങ്കിൽ കോഡ് സ്കാനറുകൾ ഉപയോഗിച്ച് സ്കാൻ ചെയ്ത ശേഷം ലോട്ടറി വകുപ്പിന്റെ ലോട്ടിസ് ആപ്ലിക്കേഷനിൽ എന്റർ ചെയ്ത് വൗച്ചർ തയാറാക്കിയാണ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
എല്ലാ സമ്മാന ടിക്കറ്റുകളും മാന്വലായി സ്കാൻ ചെയ്യേണ്ടി വരുന്നതിനാൽ സമ്മാനത്തുക വിതരണം ചെയ്യുന്നതിന് കാലതാമസമുണ്ടാകുന്നു. ഓഫിസുകളിലെത്തുന്ന ഏജന്റുമാർക്കും ജനങ്ങൾക്കും സമയബന്ധിതമായി സേവനം ലഭ്യമാക്കാനും കഴിയുന്നില്ല.സ്കാൻ ചെയ്യാനും വ്യാജ ടിക്കറ്റുകൾ കണ്ടെത്താനും കഴിയുന്ന യന്ത്രം വിപണിയിൽ ലഭ്യമല്ലാത്തതിനാൽ കെൽട്രോൺ ഉൾപ്പെടെ 3 ഏജൻസികളോട് സാധ്യത ആരാഞ്ഞു. ലോട്ടിസ് ആപ്ലിക്കേഷനിലേക്ക് സമന്വയിപ്പിക്കാൻ സാധിക്കുന്ന യന്ത്രത്തിന്റെ പ്രോട്ടോടൈപ്പിന്റെ രൂപരേഖ കെൽട്രോൺ നൽകിയതോടെയാണ് യന്ത്രം വികസിപ്പിക്കാൻ അനുമതി നൽകിയത്.