ഓൺലൈൻ ഗെയിമിങ്ങിനും പണം വച്ചുള്ള ചൂതാട്ടത്തിനും ഉൾപ്പെടെ 28% ജിഎസ്ടി
Mail This Article
തിരുവനന്തപുരം∙ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം തുടങ്ങിയവയ്ക്ക് 28% ജിഎസ്ടി ഈടാക്കാനുള്ള നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു.
ഗവർണറും സർക്കാരുമായുള്ള പോര് നിലനിൽക്കുമ്പോഴാണ് മന്ത്രിസഭ ശുപാർശ ചെയ്ത ഓർഡിനൻസിന് അദ്ദേഹം അംഗീകാരം നൽകിയത്. തുടർന്നു മുംബൈയിലേക്ക് പോയ ഗവർണർ ഇന്ന് ഉച്ചയ്ക്ക് മടങ്ങി എത്തും. ഒരു മാസത്തിനു മുൻപു മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് വ്യാഴാഴ്ചയാണ് ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിൽ എത്തിയത്. നിയമസഭ വിളിച്ചു ചേർക്കാൻ അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കാൻ ഇരിക്കെ അതിനു മുൻപ് ഓർഡിനൻസ് ഇറക്കണമായിരുന്നു.
ജിഎസ്ടി കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്ത് ഇത്തരം കാര്യങ്ങൾക്ക് 2023 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ 28% നികുതി ചുമത്തുന്നത്. ഓൺലൈൻ ഗെയിമിങ്ങും കുതിരപ്പന്തയവും പണം വച്ചുള്ള ചൂതാട്ടവും നികുതി വലയിൽ ആയതോടെ ഇവ കേരളത്തിൽ ആരംഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇവയ്ക്ക് അനുമതി നൽകണമോ എന്നതു സർക്കാരിന്റെ നയ തീരുമാനത്തിൽ പെടും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ഇത്തരം കാര്യങ്ങൾ തുടങ്ങിയേക്കും എന്നു ചിന്തിക്കുന്നവരും ഉണ്ട്.
പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി ഈടാക്കുന്നത്. 1000 കോടിയുടെ കുതിരപ്പന്തയം നടന്നാൽ അതിന്റെ 28 ശതമാനമാണു ജിഎസ്ടി. ഗോവ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുതിരപ്പന്തയവും ചൂതാട്ടവും മറ്റും നിലവിലുള്ളത്. കേരളത്തിൽ കടലാസ് ലോട്ടറിക്ക് 28% നികുതി ഉണ്ട്.