സപ്ലൈകോ: വില കൂടുക 200 മുതൽ 328 രൂപ വരെ
Mail This Article
തിരുവനന്തപുരം/കൊച്ചി ∙ സപ്ലൈകോയിലെ 13 സബ്സിഡി സാധനങ്ങളുടെ വില 9 വർഷത്തിനു ശേഷം കൂട്ടാൻ സർക്കാർ തീരുമാനിച്ചതോടെ ഉണ്ടാവുക 200 മുതൽ 328 രൂപയുടെ വരെ വർധന. വിപണി വിലയിൽ നിന്ന് 35% കുറച്ച് വില പരിഷ്കരിക്കാനാണു തീരുമാനമെങ്കിലും അന്തിമ വില പട്ടിക തയാറായിട്ടില്ല.
സബ്സിഡി സാധനങ്ങളുടെ ആകെ വില 940 രൂപയായിരിക്കുമെന്നാണു മന്ത്രിസഭാ യോഗത്തിന്റെ വാർത്താക്കുറിപ്പിലുള്ളത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് സബ്സിഡി സാധനങ്ങളുടെ ആകെ വില 612 രൂപയാണെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. അതിനാൽ ഇത്തവണ 300 രൂപയിലേറെ വർധന ഉണ്ടാകുമെന്നു സർക്കാർ തന്നെ സമ്മതിക്കുന്നു.
വില വർധന മാർച്ച് ഒന്നു മുതൽ നിലവിൽ വരാനാണു സാധ്യത. ഓരോ മൂന്നു മാസം കൂടുമ്പോഴും വിപണി വിലയ്ക്ക് അനുസൃതമായി വില പരിഷ്കരിക്കും. ഇതിനു സപ്ലൈകോയുടെ പ്രത്യേക സമിതി ശുപാർശകൾ സമർപ്പിക്കും.
അതേസമയം, സബ്സിഡി വില 35% കുറവിൽ നിശ്ചയിച്ചാൽ പൊതുവിപണിയിൽ 1446 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 940 രൂപയ്ക്ക് ലഭിക്കുമെന്നു സർക്കാർ അറിയിച്ചു.. ഇതിലൂടെ 506 രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കും.
2014 ഡിസംബറിലാണ് ഒടുവിൽ സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചത്. അതിനു മുൻപ് 2014 നവംബർ, ഓഗസ്റ്റ് മാസങ്ങളിലും 2013 ഓഗസ്റ്റിലും വില പുതുക്കി. കഴിഞ്ഞ 10 വർഷമായി പൊതുവിപണിയിൽ ഉണ്ടായ വില വ്യത്യാസത്തിന്റെ ഫലമായി ഭീമമായ ബാധ്യതയാണ് സപ്ലൈകോയ്ക്ക് വന്നതെന്നാണു സർക്കാരിന്റെ വിശദീകരണം. പുതുക്കിയ വില നിലവിൽ വന്നാലും പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവർഷം ശരാശരി 425 കോടി രൂപയുടെയും സബ്സിഡി ബാധ്യത ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. പ്രതിമാസം 40 ലക്ഷം കുടുംബങ്ങൾ വരെ സപ്ലൈകോയിൽ നിന്നു സബ്സിഡി സാധനങ്ങൾ വാങ്ങുന്നവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. അതേസമയം, ഈ വർഷം വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് അനുവദിച്ചിരിക്കുന്നത് 205 കോടി രൂപയാണ്.
സബ്സിഡി നിരക്ക് അന്തിമമല്ല: മന്ത്രി
തിരുവനന്തപുരം ∙ സപ്ലൈകോയിൽ ഇപ്പോൾ നിശ്ചയിച്ച സബ്സിഡി നിരക്ക് അന്തിമമല്ലെന്നും 3 മാസത്തിലൊരിക്കൽ പുനഃപരിശോധിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ. വിപണി വില അനുസരിച്ച് സപ്ലൈകോയിലെ വിലനിലവാരത്തിൽ മാറ്റം വരുത്തും.
നയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ വില വർധിപ്പിക്കാതിരുന്നത്. പൊതുവിപണിയിലെ വിലയും സബ്സിഡി നിരക്കും തമ്മിൽ ഏറെ അന്തരം ഉണ്ട്.
ഇതുവരെയുള്ള സർക്കാരുകൾ സപ്ലൈകോയ്ക്ക് 1525 കോടി നൽകാനുണ്ട്. സപ്ലൈകോ സ്റ്റോറുകളിൽ എത്രയും വേഗം സാധനങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു
13 ഇനം സാധനങ്ങളുടെ പുതിയ വിലയും (ഏകദേശ കണക്ക്) നിലവിലെ വിലയും (ബ്രാക്കറ്റിൽ):
1. ചെറുപയർ ഒരു കിലോഗ്രാം– 92.63 രൂപ (74 രൂപ)
2. ഉഴുന്ന് ഒരു കിലോഗ്രാം– 95.28 (66 രൂപ)
3. വൻകടല ഒരു കിലോഗ്രാം– 69.93 (43 രൂപ)
4.വൻപയർ ഒരു കിലോഗ്രാം– 75.78 (45 രൂപ)
5. തുവരപരിപ്പ് ഒരു കിലോഗ്രാം– 111.48 (65 രൂപ)
6.മുളക് 500 ഗ്രാം– 82.07 (75 രൂപ)
7. മല്ലി 500 ഗ്രാം– 78 (79 രൂപ)
8. പഞ്ചസാര ഒരു കിലോഗ്രാം– 27.28 (22 രൂപ)
9. വെളിച്ചെണ്ണ അര ലീറ്റർ– 55.28 (46 രൂപ)
10. ജയ അരി ഒരു കിലോഗ്രാം– 29.46 (25 രൂപ)
11. കുറുവ അരി ഒരു കിലോഗ്രാം– 30.05 (25 രൂപ)
12. മട്ട അരി ഒരു കിലോഗ്രാം– 30.86 (24 രൂപ)
13. പച്ചരി ഒരു കിലോഗ്രാം– 26.08 (23 രൂപ)
(എല്ലാ അരി ഇനങ്ങളും കൂടി പരമാവധി 10 കിലോഗ്രാം%