അദാനിയും ഉബറും കൈകോർക്കുമോ? ഇലക്ട്രിക് വാഹനങ്ങളിൽ കണ്ണ്
Mail This Article
അദാനി ഗ്രൂപ്പ് ഇലക്ട്രിക് പാസഞ്ചർ കാറുകൾ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നതിനായി റൈഡ്-ഷെയറിങ് പ്ലാറ്റ്‌ഫോമായ ഉബറുമായി സഹകരിക്കാൻ ശ്രമിക്കുന്നു. 2022-ൽ ആരംഭിച്ച അദാനി വണ്ണിൻ്റെ കീഴിൽ ഉബർ സേവനങ്ങൾ കൊണ്ടുവരാനും ഈ പങ്കാളിത്തം പദ്ധതിയിടുന്നുണ്ട്. ഗൗതം അദാനി ഉബർ സിഇഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തുകയും ഭാവിയിൽ തൻ്റെ കമ്പനിയും ഉബറും തമ്മിൽ സാധ്യമായ സഹകരണത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. x ൽ പങ്കുവെച്ച പോസ്റ്റിലും രണ്ടു കൂട്ടരും ഇത്തരമൊരു സഹകരണത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
2040-ന് മുമ്പ് തങ്ങളുടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റിസ്ഥാപിക്കുമെന്ന് ഉബർ പ്രഖ്യാപിച്ചു. സീറോ എമിഷൻ മൊബിലിറ്റിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഉബർ പരിസ്ഥിതി സൗഹൃദ ഇവി സേവനമായ ഉബർ ഗ്രീൻ ഡൽഹിയിൽ ആരംഭിച്ചു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഊർജ പരിവർത്തനം ഉൾപ്പെടെ വിവിധ ബിസിനസ് മേഖലകളിൽ 10000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് തീരുമാനമെടുത്തിട്ടുണ്ട്. 10 ജിഗാവാട്ട് സോളാർ ഉൽപ്പാദന ശേഷിയും സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് വലിയ തോതിലുള്ള സോളാർ ഫാമും നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു. കൂടാതെ അവർ ബാറ്ററി സ്വാപ്പിങ്, ഇവി ചാർജിങ് സ്റ്റേഷനുകളിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.