കോൺട്രാക്ടർമാർക്ക് രണ്ടു തരം ടിഡിഎസ് എപ്പോൾ ബാധകമാകുന്നു?
Mail This Article
സർക്കാർ കരാർ ജോലി ചെയ്യുന്ന കരാറുകാർക്ക് ബിൽ മാറി കിട്ടുമ്പോൾ ജിഎസ്ടി മുഴുവൻ എടുക്കാതെ 2% ജിഎസ്ടി , 1% ടിഡിഎസ്, 1% വെൽഫെയർ മാത്രം പിടിക്കുന്നത് എന്ത് കൊണ്ടാണ് ? സർക്കാർ ജോലിക്ക് എത്രയാണ് ജിഎസ്ടി ?
വിജി വിൻസന്റ് , തൃശൂർ
ജിഎസ്ടി നിയമത്തിലെ നോട്ടിഫിക്കേഷൻ നമ്പർ 03/2022, 13.07.2022 പ്രകാരം സർക്കാർ പണികൾ നടത്തുന്ന കരാറുകാർ 18% ജിഎസ്ടി ആണ് നൽകേണ്ടത്. സെക്‌ഷൻ 51 പ്രകാരം, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, ലോക്കൽ അതോറിറ്റി തുടങ്ങിയവർ കൊടുക്കുന്ന സാധനങ്ങൾ/സേവനങ്ങൾക്ക് ഉള്ള കരാറുകൾ 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ വന്നാൽ, അവാർഡർ 2% ടിഡിഎസ് പിടിക്കാൻ ബാധ്യസ്ഥരാണ്. ഇതിനു പുറമേ ഇൻകം ടാക്സ് നിയമത്തിലെ സെക്‌ഷൻ 194(c) പ്രകാരമുള്ള 1% ടിഡിഎസും (വ്യക്തികൾക്ക്) പിടിക്കുന്നുണ്ട്. മേൽപ്പറഞ്ഞ രണ്ടു നിയമത്തിലുമുള്ള ടിഡിഎസുകൾക്കും റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതിന്റെ ക്രെഡിറ്റ് ഉപയോഗിക്കാവുന്നതാണ്. തൊഴിലാളി ക്ഷേമനിധി പ്രകാരം പിടിക്കുന്ന തുക കരാറുകാരന്റെ ചെലവ് ആയതുകൊണ്ട് ഇതിന് പ്രത്യേക ക്രെഡിറ്റ് ഉണ്ടാകില്ല. ജിഎസ്ടി നിയമത്തിലുള്ള ടിഡിഎസ് താങ്കൾ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ടിഡിഎസ് റിട്ടേൺ സബ്മിഷൻ നടത്തിയ ശേഷം ഇത് ക്യാഷ് ലെഡ്ജറിൽ ലഭ്യമാകും. ഇത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പോലെ തന്നെ ക്രെഡിറ്റ് എടുക്കാൻ സാധിക്കും. ആദായ നികുതി നിയമ പ്രകാരം റിട്ടേൺ ഫയൽ ചെയ്യുമ്പോഴും മേൽപ്പറഞ്ഞ 1% ടിഡിഎസ് Form 26 AS/AIS അനുസരിച്ച് ക്രെഡിറ്റ് എടുക്കാവുന്നതാണ്.
സ്റ്റാൻലി ജയിംസ് (ചാർട്ടേഡ് അക്കൗണ്ടന്റിനോട് ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in )