സ്വർണവില 50000ത്തിന് തൊട്ടരികെ
Mail This Article
വീണ്ടും ഞെട്ടിച്ച് സംസ്ഥാനത്തെ സ്വർണ വില. റെക്കോർഡ് നിരക്കിലാണ് വ്യാഴാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ച് ഗ്രാമിന് 6,180 രൂപയിലും പവന് 49,440 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണവില പവന് 50,000 ത്തിൽ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. ഗ്രാമിന് 6,080 രൂപയിലും പവന് 48,640 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. മാർച്ച് 1ന് രേഖപ്പെടുത്തിയ 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
രാജ്യാന്തര വിപണിയിൽ പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. എംസിഎക്‌സ് സ്വർണ നിരക്ക് ഇന്ന് ആജീവനാന്ത ഉയരത്തിലാണ്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2,200 ഡോളറിന് മുകളിലുമാണ് വ്യാപാരം തുടരുന്നത്.