പദ്ധതിയ്ക്ക് വിജയ സാധ്യതയുണ്ടോ? വരൂ, 5% പലിശയ്ക്ക് കിട്ടും രണ്ടു കോടി വായ്പ
Mail This Article
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി പ്രകാരം രണ്ടു കോടി രൂപവരെ വായ്പ 5% പലിശയ്ക്കു ലഭിക്കും. വിജയസാധ്യതയുള്ള പദ്ധതി കണ്ടെത്തി അപേക്ഷിച്ചാൽ അതു യാഥാർഥ്യബോധത്തോടെ നടപ്പാക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) ആണ് പദ്ധതി നടപ്പിലാക്കുന്നത്.
ആനുകൂല്യങ്ങൾ
ആദ്യത്തെ അഞ്ചു വർഷത്തേക്കാണ് ഈ ആനുകൂല്യം. 10% ആണ് വാർഷിക പലിശയെങ്കിലും ഇതിൽ 3% സംസ്ഥാന സർക്കാരും രണ്ടു ശതമാനം കെഎഫ്സിയും വഹിക്കുകയാണു ചെയ്യുന്നത്.
രണ്ടു കോടിക്കുമേൽ വായ്പയെടുത്താൽ
∙ടേം ലോൺ, വർക്കിങ് ക്യാപിറ്റൽ ലോൺ എന്നിവയിൽ സംയുക്തമായോ പ്രത്യേകമായോ വായ്പ ലഭിക്കും.
∙രണ്ടു കോടിയിൽ കൂടുതൽ വായ്പ ആവശ്യമുള്ള പദ്ധതികൾക്ക് രണ്ടുകോടി രൂപവരെ 5% പലിശയ്ക്കും അധിക തുകയ്ക്ക് സാധാരണ കെഎഫ്സി പലിശയ്ക്കും ആയിരിക്കും വായ്പ ലഭിക്കുക. വായ്പ രണ്ടു കോടിയിൽ നിജപ്പെടുത്തുന്നില്ല എന്നു സാരം.
∙അംഗീകൃത പദ്ധതി ചെലവിന്റെ 90% വരെ ടേം ലോൺ ആയി ലഭിക്കും.
∙ഭൂമിയുടെ വില, പ്രവർത്തന മൂലധന വിഹിതം എന്നിവ പരിഗണിക്കില്ല. പ്രവർത്തന മൂലധനം വിറ്റുവരവിന്റെ 25% ആയി കണക്കാക്കി 80% വരെ പ്രവർത്തന മൂലധന സമയവായ്പ അനുവദിക്കും.
∙കുറഞ്ഞ വായ്പ അഞ്ചുലക്ഷവും കുറഞ്ഞ സംരംഭക വിഹിതം 10% ഉം ആയിരിക്കും. പരമാവധി ഒരു വർഷത്തെ മോറട്ടോറിയം ലഭിക്കും.
സ്റ്റാർട്ടപ്പുകൾക്കും അർഹത
∙ സ്റ്റാർട്ടപ്പുകൾക്കും അർഹതയുണ്ട്. ഉൽപാദനം, വാണിജ്യവൽക്കരണം, ഉൽപാദനത്തോത് ഉയർത്തൽ എന്നിവയ്ക്കു വായ്പ ലഭിക്കും.
∙ നിലവിലുള്ളവയ്ക്കും വായ്പ അർഹത ഉണ്ടാകും. പുതിയ സംരംഭങ്ങളാണ് കൂടുതലായും പ്രതീക്ഷിക്കുന്നത്.
∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അർഹതയുണ്ട്.
∙ ഉൽപാദനം തുടങ്ങി 18 മാസം അധികരിക്കാത്ത സംരംഭങ്ങളെ പുതിയ യൂണിറ്റായും അതിനു മുകളിൽ വരുന്നവയെ നിലവിലുള്ളവയായും കണക്കാക്കുന്നു.
∙ നിലവിലുള്ളവയ്ക്ക് വികസനം, ആധുനികവൽക്കരണം, വൈവിധ്യവൽക്കരണം എന്നിവയ്ക്കു വായ്പ ലഭിക്കും.
∙ ബാർഹോട്ടൽ, മെറ്റൽ ക്രഷർ, സിനിമ /സീരിയൽ നിർമാണം, കച്ചവടം, ട്രാൻസ്പോർട്ട്, ഫിഷിങ്, ഫാമിങ്, റിയൽ എസ്റ്റേറ്റ് എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.
യോഗ്യത
50ൽ താഴെയായിരിക്കണം പ്രായം. സ്ത്രീകൾ, എൻആർകെ, എസ്‌സി, എസ്‌ടി എന്നിവർക്ക് 55 വയസ്സാണ് പരിധി. സ്ഥിരം ജോലിക്കാർ ആയിരിക്കരുത്.
എല്ലാ അംഗങ്ങളുടെയും കെവൈസി മികച്ചതായിരിക്കണം. 650 കുറയാത്ത സിബിൽ സ്കോർ വേണം. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
സെക്യൂരിറ്റിയും സബ്സിഡിയും
വായ്പയ്ക്കു സെക്യൂരിറ്റി നൽകണം. പ്രാഥമിക ആസ്തികൾ, വായ്പ ഉപയോഗിച്ചു സമ്പാദിക്കുന്ന ആസ്തികൾ, കിട്ടാനുള്ളവ, വ്യക്തിപരമായ ഗാരന്റികൾ, എഫ്ഡി, ഇൻഷുറൻസ് പോളിസി, കടപ്പത്രങ്ങൾ എന്നിവ സ്വീകരിക്കും. പദ്ധതിപ്രകാരം സബ്സിഡി ഒന്നും പറയുന്നില്ലെങ്കിലും ഇഎസ്എസ് സ്കീം, നോർക്ക റൂട്ട്സ് പദ്ധതി എന്നിവപ്രകാരം സബ്സിഡി കിട്ടാം. നിർമാണ യൂണിറ്റുകൾക്ക് ഇഎസ്എസ് പദ്ധതിപ്രകാരം കെഎഫ്സി വഴി സബ്സിഡി നേരിട്ടു ലഭ്യമാക്കാം. കെഎഫ്സി ജില്ലാ - മേഖല ഓഫിസുകൾവഴി അപേക്ഷ സമർപ്പിക്കണം. www.kfc.org എന്നതിൽ ഓൺലൈൻ റജിസ്ട്രേഷൻ എടുക്കാം. സുഗമമായ പ്രവർത്തനത്തിനുള്ള നിർദേശങ്ങളും കോർപറേഷൻവഴി ലഭിക്കും. അംഗീകൃത കൺസൾട്ടന്റുമാർ നൽകുന്ന വിശദമായ പദ്ധതി രൂപരേഖയും സംരംഭകർ സമർപ്പിക്കണം. പഠിച്ചു വിജയിക്കാവുന്ന പദ്ധതി കണ്ടെത്തി അപേക്ഷിച്ചാൽ അതു യാഥാർഥ്യബോധത്തോടെ നടപ്പാക്കാൻ കെഎഫ്സി സഹായിക്കും.