ടിഡിഎസ്: വിവരങ്ങൾ കൃത്യതയോടെ കൈമാറണം
Mail This Article
192 വകുപ്പ് പ്രകാരം നികുതി ബാധ്യതയുള്ള ശമ്പള വരുമാനക്കാരിൽ നിന്ന് ടിഡിഎസ്(സ്രോതസ്സിൽ നികുതി കിഴിക്കുക) പിടിച്ചു സർക്കാരിൽ അടയ്ക്കാനുള്ള ചുമതല തൊഴിലുടമകൾക്കുണ്ട്. ഒരു വ്യക്തിയുടെ മുഴുവൻ വർഷത്തെയും ശമ്പളത്തിന്മേലുള്ള നികുതി ബാധ്യത കണക്കാക്കി ആ ബാധ്യതയെ ശമ്പള വരുമാനം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന റേറ്റ് ആണ് നികുതി ബാധ്യതയുടെ ശരാശരി റേറ്റ് (ആവറേജ് റേറ്റ്). ആ വ്യക്തിയുടെ മാസ ശമ്പളത്തെ ആവറേജ് റേറ്റ് കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന തുകയാണ് ശമ്പളത്തിൽ നിന്ന് പിടിക്കേണ്ട ടിഡിഎസ്. ഈ അടിസ്ഥാനത്തിലാണ് ഓരോ മാസവും ശമ്പള വരുമാനത്തിൽ നിന്ന് ടിഡിഎസ് പിടിക്കേണ്ടത്.
വകുപ്പ് 192 (2B) പ്രകാരം ശമ്പളം കൂടാതെയുള്ള മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വരുമാനങ്ങൾ കാണിച്ചുള്ള സ്റ്റേറ്റ്മെന്റ് ജീവനക്കാർ തൊഴിലുടമയ്ക്കു നൽകാവുന്നതാണ്. 2 ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായി ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി ( വാടക വരുമാനം) എന്ന വരുമാന ഗണത്തിനടിയിലുള്ള നഷ്ടവും ഈ സ്റ്റേറ്റ്മെൻറിൽ ഉൾപ്പെടുത്താം. വാടക വരുമാന ഗണത്തിനടിയിലെ നഷ്ടം കൂടാതെ മറ്റു നഷ്ടങ്ങൾ ടിഡിഎസ് കണക്കാക്കുമ്പോൾ കിഴിവായി അനുവദിക്കില്ല. പഴയ സ്‌കീമിലെ സ്ലാബ് റേറ്റ് പ്രകാരം ആണ് ജീവനക്കാരൻ നികുതി ബാധ്യത കണക്കാക്കുന്നതെങ്കിൽ, സാമ്പത്തിക വർഷാവസാനത്തിനുള്ളിൽ നടത്താൻ ഉദ്ദേശിക്കുന്ന ചെലവുകളുടെയും നിക്ഷേപങ്ങളുടെയും അടിസ്ഥാനത്തിൽ മൊത്തവരുമാനത്തിൽ നിന്നുള്ള കിഴിവുകൾ എന്തൊക്കെയാവണം എന്നുള്ള വിവരം തൊഴിലുടമയ്ക്കു സാമ്പത്തിക വർഷം തുടങ്ങുമ്പോൾ തന്നെ കൈമാറണം. ഇവ കണക്കിലെടുത്തു കൊണ്ട് വേണം തൊഴിലുടമ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്ന് ടിഡിഎസ് കിഴിവ് നടത്താൻ.
കൂടാതെ 12BB എന്ന ഫോമും തൊഴിലുടമയ്ക്കു വർഷാവസാനത്തോടെ ഒപ്പിട്ടു നൽകണം. വരുമാനത്തിൽ നിന്നു കിഴിക്കേണ്ട കിഴിവുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഫോം 12BB യിൽ ഉൾക്കൊള്ളിക്കേണ്ടത്. കിഴിവുകളെ സംബന്ധിച്ച രേഖകളും ഇതിന്റെ കൂടെ നൽകണം.
വകുപ്പ് 192 (3) പ്രകാരം ജീവനക്കാരന്റെ ശമ്പള വരുമാനത്തിൽ നിന്ന് മാസം തോറും തൊഴിലുടമ നടത്തുന്ന ടിഡിഎസ് കിഴിവിൽ കുറവോ കൂടുതലോ വന്നെങ്കിൽ വ്യത്യാസങ്ങൾ കണക്കിലെടുത്തു തൊഴിലുടമയ്ക്കു പിന്നീടുള്ള മാസങ്ങളിലെ ടിഡിഎസ് തുക അഡ്ജസ്റ്റ് ചെയ്തു പിടിക്കാം.
ശമ്പള വരുമാനം ആയി തന്നെ ആണ് ആദായ നികുതി നിയമ പ്രകാരം പെൻഷൻ വരുമാനത്തെ കണക്കാക്കുന്നത്. ശമ്പള വരുമാനത്തിൽ നിന്ന് ടിഡിഎസ് കിഴിവ് കണക്കാക്കുന്നത് പോലെയാണ് പെൻഷൻ വരുമാനത്തിൽ നിന്നും കണക്കാക്കേണ്ടത്. നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) വരുമാനങ്ങൾക്കുമേലുള്ള നികുതി ബാധ്യത കണക്കാക്കുമ്പോൾ ബാധകമാവുന്ന സ്ലാബ് റേറ്റ് പുതിയ സ്കീം പ്രകാരമുള്ളതാണ്. എന്നാൽ ബിസിനസ്/പ്രഫഷനൽ വരുമാനം ഇല്ലാത്തവർക്ക് ഓരോ സാമ്പത്തിക വർഷവും ഇഷ്ടാനുസരണം പുതിയ സ്കീം പ്രകാരമോ പഴയ സ്കീം പ്രകാരമോ നികുതി ബാധ്യത കണക്കാക്കാം. ഏത് സ്കീം പ്രകാരമാണ് നികുതി ബാധ്യത കണക്കാക്കാൻ ഉദ്ദേശിക്കുന്നത് എന്ന വിവരം വർഷത്തിന്റെ തുടക്കത്തതിൽ തന്നെ തൊഴിലുടമ അറിഞ്ഞിരിക്കണം. ഇതു പ്രകാരമാവണം ടിഡിഎസ് പിടിക്കേണ്ടത്. ശമ്പളവും അതിൽ നിന്നുള്ള ടിഡിഎസ് കിഴിവും കാണിച്ചുകൊണ്ടുള്ള ടിഡിഎസ് റിട്ടേൺ തൊഴിലുടമ ഫയൽ ചെയ്യണം. സാമ്പത്തിക വർഷത്തെ ശമ്പള വരുമാനവും ടിഡിഎസ് കിഴിവും കാണിച്ചു കൊണ്ടുള്ള ഫോം 16 സ്റ്റേറ്റ്മെൻറ്റ് തൊഴിലുടമ ജീവനക്കാരനു നൽകണം. ജൂൺ 15നുള്ളിൽ ഫോം 16 ജീവനക്കാർക്ക് നൽകണം. പെൻഷൻ നൽകുന്ന ബാങ്കുകളും ഫോം 16 പെൻഷൻ കൈപ്പറ്റുന്നവർക്ക് നൽകേണ്ടതാണ്. ജീവനക്കാരന്റെ/ പെൻഷനറുടെ ആദായനികുതി പോർട്ടലിൽ ലോഗിൻ ചെയ്തു ഫോം 26AS എന്ന സ്റ്റേറ്റ്മെൻറ്റ് പരിശോധിച്ചാലും ടിഡിഎസ് ക്രെഡിറ്റ് കാണാം. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ടിഡിഎസ് തുക കിഴിച്ചു കഴിഞ്ഞുള്ള നികുതി ബാധ്യത അടച്ചാൽ മതി.