ഇൻഡിഗോ 100 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങുന്നു
Mail This Article
മുംബൈ∙ എയർബസിൽനിന്ന് 100 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 30 എ350–900 വിമാനങ്ങൾക്കുള്ള ഓർഡർ നൽകി. 70 എണ്ണം കൂടി വാങ്ങാനുള്ള ഓപ്ഷനുണ്ട്. രാജ്യാന്തര സർവീസ് ശക്തിപ്പെടുത്താനാണിത്. റോൾറോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിനുള്ളതാണ് എ350–900 വിമാനം. 2027ൽ ഡെലിവറി ലഭിക്കും.
ഇൻഡിഗോയ്ക്ക് നിലവിൽ 350ൽ ഏറെ നാരോ ബോഡി വിമാനങ്ങളാണുള്ളത്. ടർക്കിഷ് എയർലൈൻസിൽനിന്ന് വാടകയ്ക്കെടുത്ത് രണ്ട് വൈഡ് ബോഡി ബോയിങ് 777 വിമാനങ്ങൾ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ഇസ്തംബുളിലേക്കു സർവീസ് നടത്തുന്നുണ്ട്.
നിലവിൽ എയർ ഇന്ത്യ മാത്രമാണ് എ350 വിമാനം സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനി. വിസ്താരയ്ക്കു വൈഡ് ബോഡി വിമാനമുണ്ട്. സ്പൈസ്ജെറ്റ് വാടകയ്ക്കെടുത്താണ് സർവീസ്.
കഴിഞ്ഞ ജൂണിൽ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഓർഡർ നൽകി ഇൻഡിഗോ ഞെട്ടിച്ചിരുന്നു; എയർ ബസിൽനിന്ന് 500 വിമാനങ്ങൾ; എ320 സീരീസ് വിമാനങ്ങളാണിത്.