വാഹനങ്ങൾ വിൽക്കുമ്പോഴുള്ള ഐടിസി റിവേഴ്സൽ എങ്ങനെ ?
Mail This Article
ഞാൻ ബിസിനസ് ആവശ്യത്തിനായി ഒരു മിനി പിക്കപ് വാഹനം വാങ്ങിയിരുന്നു. വാങ്ങുമ്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ചെയ്തിരുന്നു. ഇപ്പോൾ വണ്ടി വിൽക്കാനുള്ള സാഹചര്യം വന്നു. വിൽക്കുമ്പോൾ ഞാൻ ക്രെഡിറ്റ് ചെയ്ത ടാക്സ് തിരിച്ച് അടയ്ക്കേണ്ടി വരുമോ ?
ഷംസീർ, റിദ എന്റർപ്രൈസസ്
താങ്കൾ വാങ്ങിയ വാഹനം ജിഎസ്ടി നിയമ പ്രകാരം ഡെലിവറി ആവശ്യത്തിനായി ഉപയോഗിക്കുന്നതിനാൽ ഐടിസി എടുക്കാൻ സാധിക്കും. ഇതിനു പുറമേ സെക്‌ഷൻ 17(5)(a) പ്രകാരം ക്ലെയിം ചെയ്യാൻ പറ്റാത്ത ഇൻപുട്ടിൽ (Blocked credit) ഇത് ഉൾപ്പെട്ടിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കണം. എങ്കിലും ഇൻകം ടാക്സ് നിയമപ്രകാരം മൂല്യശോഷണം (Depreciation) എടുക്കുമ്പോൾ മേൽപറഞ്ഞ നികുതി (ഐടിസി) വാഹനത്തിന്റെ മൊത്തം തുകയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ഈ വാഹനം 5 വർഷ കാലാവധിക്കുള്ളിൽ ആണ് വിൽക്കുന്നതെങ്കിൽ താങ്കൾ ഉപയോഗിച്ച ഐടിസി ആനുപാതികമായി റിവേഴ്‌സ് ചെയ്യണം. ജിഎസ്ടി റൂൾ 44 പ്രകാരം ഇത് ചെയ്യേണ്ടതും മേൽപറഞ്ഞ വാഹനം വിൽക്കുമ്പോൾ ബുക്കിലുള്ള വിലയേക്കാൾ (Written Down Value) കൂടുതലാണ് ലഭിക്കുന്നതെങ്കിൽ ഈ ലാഭത്തിന് ജിഎസ്ടി അടയ്ക്കേണ്ടതുമാണ്. നോട്ടിഫിക്കേഷൻ No. 8/2018 – CT (Rate) dated 25.01.2018 പ്രകാരം 1500 CC ൽ താഴെയുള്ള വാഹനം വിൽക്കുമ്പോൾ 12% ജിഎസ്ടി ആണ് ബാധകം.
(മറുപടി നൽകിയിരിക്കുന്നത് സ്റ്റാൻലി ജയിംസ് )