മൈജിയുടെ ലക്ഷ്യം 4000 കോടി വിറ്റുവരവ്
Mail This Article
കോഴിക്കോട്∙ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് മേഖലയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സർവീസ് ശൃംഖലയായ മൈജിക്ക് 2023–24 വർഷത്തിൽ റെക്കോർഡ് വിറ്റുവരവ്. ലക്ഷ്യമിട്ടതു 2500 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നു. എന്നാൽ സാമ്പത്തികവർഷം പിന്നിട്ടപ്പോൾ മൈജി നേടിയത് 2850 കോടി രൂപയാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി വ്യക്തമാക്കി.
2024–25 വർഷം 4000 കോടി രൂപയുടെ വിറ്റുവരവും 5000 തൊഴിൽ അവസരങ്ങളുമാണ് മൈജി ലക്ഷ്യമിടുന്നത്. ഈ വർഷം 30 ഷോറൂമുകൾ കൂടി തുറക്കുന്നതോടെ കേരളത്തിലാകെ ഷോറൂമുകൾ 150 ആകും. അതോടെ ഓരോ ജില്ലയിലും ഹെഡ് ഓഫിസുകളും ആരംഭിക്കും. തുടർന്ന് 2–ടയർ, 3–ടയർ സിറ്റികളിലേക്കും മൈജി ഷോറൂമുകൾ വ്യാപിപ്പിക്കും. 2025ൽ 5000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് മൈജിയുടെ സ്വപ്നമെന്നും ഇപ്പോൾ 3000 പേർ മൈജിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഷാജി പറഞ്ഞു.
മൈജി സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്. കേരളത്തിൽ നൂറിലേറെ സർവീസ് സെന്ററുകളുള്ള മൈജി കെയർ ഉപയോക്താക്കൾക്ക് മികച്ച ഗാഡ്ജറ്റ് പ്രൊട്ടക്‌ഷനും അപ്ലയൻസസ് സർവീസും ഉറപ്പാക്കുന്നു.
ഇതിനായി വിദഗ്ധ ടെക്നീഷ്യന്മാരടങ്ങുന്ന ടീം പ്രവർത്തിക്കുന്നു.
2006ൽ പ്രവർത്തനമാരംഭിച്ച മൈജി 18 വർഷത്തിനകം 90 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിക്കഴിഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാൻ തയാറെടുക്കുന്ന മൈജിയെ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയാക്കുകയാണ് ലക്ഷ്യമെന്നും ഷാജി പറഞ്ഞു.