ADVERTISEMENT

ഗ്രാമ–നഗര വ്യത്യാസമില്ലാതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ സേവന‌സംരംഭങ്ങൾക്കു വലിയ സാധ്യതയുണ്ട്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും പ്രയോജനപ്പെടുത്താവുന്ന 2 പ്രോജക്ടുകളാണ് ഇവിടെ നൽകുന്നത്. 

1. കോക്കോ സ്പോർട്സ് ഡ്രിങ്ക് 

നമ്മുടെ നാട്ടിൽ പാഴായിപ്പോകുന്ന നാളികേരവെള്ളത്തിൽ‌നിന്നു നിർമിക്കുന്ന എനർജി സ്പോർട്സ് ഡ്രിങ്ക് നല്ല ഡിമാൻഡുള്ള, ലാഭകരമായ ഒരു സംരംഭകത്വ മാതൃകയാണ്. നാളികേരാധിഷ്ഠിത സംരംഭങ്ങളിൽ പരിസര മലിനീകരണമില്ലാതെ നാളികേരവെള്ളം ഒഴിവാക്കുക വലിയ വെല്ലുവിളിയാണ്. ഈ പാഴാകുന്ന നാളികേരവെള്ളം സംസ്‌കരിച്ചാണ് കോക്കോ പ്ലസ് സ്പോർട്സ് ഡ്രിങ്ക് നിർമിക്കുന്നത്.

coco-sports-drink
Shutterstock/lazyllama

ആരോഗ്യപ്രദമാണെങ്കിലും നാളികേര‌വെള്ളം വേഗം കേടുവരും. എന്നാൽ സംസ്‌കരിച്ച് അനുബന്ധ ചേരുവകൾ ചേർത്ത് ഉന്മേഷം പകരുന്ന സ്പോർട്സ് ഡ്രിങ്കാക്കിമാറ്റി വിപണിയിലെത്തിക്കാം. ഈ പാനീയം 2 മാസംവരെ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കാം. എനർജി ഡ്രിങ്കും സ്‌പോർട്സ് ഡ്രിങ്കും പൊതുവേ രാസവസ്‌തുക്കൾ ഉപയോഗിച്ചാണു നിർമിക്കുന്നത്. തേങ്ങാവെള്ളത്തിലെ പ്രകൃതിദത്ത പൊട്ടാസ്യം, സോഡിയം തുടങ്ങിയവ സ്പോർട്സ് ഡ്രിങ്കിനെ ആരോഗ്യദായകവും മറ്റുള്ളവയിൽനിന്നു മികച്ചതുമാക്കും. ചെറുകിട യൂണിറ്റായും ആരംഭിക്കാം.

മാർക്കറ്റിങ്
 

സ്‌പോർട്സ് സെന്റർ, ഫിറ്റ്നസ് സെന്റർ, ഫുട്ബോൾ ടർഫ് തുടങ്ങി കായികവിനോദങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം വലിയ വിപണിയുണ്ട്. അടുക്കളയിൽ നാളികേരം ഉടയ്‌ക്കുമ്പോൾ  വെള്ളത്തിനായി കാത്തിരുന്ന കുട്ടിക്കാലത്തിന്റെ ഓർമ മലയാളിക്കുണ്ടാകും. അതിനാൽ  പാനീയത്തിന് ഗുണമേന്മാ വർണന ആവശ്യമില്ല. വില കുറവായതിനാൽ ഏതു ശീതളപാനീയത്തോടും മത്സരിച്ച് സൂപ്പർ മാർക്കറ്റിലും ബേക്കറിയിലും ചെറിയ കടകളിലുമെല്ലാം വിൽപന നടത്താം. വിതരണക്കാരെ നിയമിച്ചും നേരിട്ടും മാർക്കറ്റ് വർധിപ്പിക്കാം.

നിർമാണരീതി
 

കേടുള്ളവ ഒഴിവാക്കി വൻതോതിൽ നാളികേര വെള്ളം ശേഖരിക്കാൻ തൊഴിലാളികളെ പഠിപ്പിക്കുകയാണ് ആദ്യഘട്ടം. വിവിധ നാളികേരങ്ങളുടെ വെള്ളത്തിനു രുചി വ്യത്യസ്തമാകാം എന്നതിനാൽ രുചി ഏകീകരിക്കുകയാണ് അടുത്ത പടി. പിന്നീട് ഫിൽറ്ററേഷൻ പ്രോസസുകളിലൂടെ വെള്ളം ശുദ്ധീകരിക്കും. സ്പോർട്സ് ഡ്രിങ്കാക്കിമാറ്റാൻ കലോറി ഉയർത്തുന്നതിനുള്ള ചേരുവകൾ ചേർക്കും. ബ്രിക്‌സ് ലെവൽ ശരിയാക്കി പ്രോസസ് ചെയ്‌ത്‌ പോളിപ്രൊപ്പലീൻ കപ്പുകളിലും ബോട്ടിലുകളിലും നിറച്ചാണു വിതരണം.

മൂലധനനിക്ഷേപം

Nano-business-Card1
Nano-business-Card2
Nano-business-Card3



2. അഗ്രി-ഫുഡ് കോമൺ സർവീസ് സെന്റർ

മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിച്ചുനൽകുന്ന സെന്ററുകളാണിവ. ഉണക്കുക, പൊടിക്കുക, അരയ്‌ക്കുക, പിഴിയുക, അരിയുക തുടങ്ങിയവയ്ക്കുള്ള യന്ത്രങ്ങളാണ് സെന്ററിൽ ഉണ്ടാവുക. സർവീസ് ചാർജ് ഈടാക്കി നാട്ടുകാർക്ക് ഇത്തരത്തിലുള്ള സേവനം പ്രദാനം ചെയ്യുകയാണ് പ്രവർത്തനരീതി.

സാധ്യത
 

സ്വന്തം പുരയിടത്തിൽ തേങ്ങ ഉള്ളവരും അതു കുറഞ്ഞ‌വിലയ്ക്കു വിറ്റ് പുറത്തുനിന്നു ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കേണ്ടി‌വരുന്നു. തേങ്ങ പൊട്ടിച്ച് ഉണക്കാനാകാത്തതാണു കാരണം. തൊടിയിലെ കുടംപുളി പഴുത്ത് ചുവട്ടിൽ‌വീണ് ചീഞ്ഞുനശിക്കുമ്പോഴും വരവുപുളി വാങ്ങേണ്ടി വരുന്നു. മാങ്ങയും ചക്കയും മൂപ്പെത്തുമ്പോഴേക്കും ഭൂരിഭാഗവും നഷ്ടപ്പെട്ടു‌പോകുന്നു.സംസ്‌കരിച്ചെടുക്കാനുള്ള സൗകര്യങ്ങളുടെ അഭാവമാണു കാരണം.

മുറ്റത്തു കണ്ണൻ‌കായയും നേന്ത്രക്കുലയും വിളഞ്ഞു‌നിന്നാലും പായ്‌ക്കറ്റിൽ വരുന്ന പൊടി വാങ്ങി കുഞ്ഞുങ്ങൾക്കു നൽകേണ്ടിവരുന്നു. സ്വന്തം പുരയിടത്തിലെ വിളകൾ വൃത്തിയോടെ അരിഞ്ഞുണക്കി പൊടിച്ചു പായ്‌ക്കു ചെയ്‌തു സൂക്ഷിക്കുന്നതിനു സൗകര്യമില്ല. മുളകും മല്ലിയും മഞ്ഞളും വാങ്ങി കഴുകി ഉണങ്ങി പൊടിപ്പിക്കാം എന്നു തീരുമാനിച്ചാലും കാര്യങ്ങൾ ഏറ്റെടുക്കാൻ വീട്ടിൽ ആളില്ലാത്ത അവസ്ഥ. സമൂഹം നേരിടുന്ന ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് അഗ്രി–ഫുഡ് കോമൺ സർവീസ് സെന്റർ.

തേങ്ങ, കുടംപുളി, ഏത്തക്കായ്, ജാതിക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, അടയ്‌ക്ക, കപ്പ, മാങ്ങ, ചക്ക, ഏലക്ക, പഴം തുടങ്ങിയവ ഉണക്കി നൽകുക, തേങ്ങാപ്പാൽ പിഴിഞ്ഞുനൽകുക. ഇഡ്ഡലി, ദോശ, അപ്പം എന്നിവയ്‌ക്കുള്ള മാവ് അരച്ചുനൽകുക, തേങ്ങ അരച്ചുനൽകുക, തേങ്ങ നൽകിയാൽ ഉണക്കി കൊപ്രയാട്ടി എണ്ണ നൽകുക തുടങ്ങിയ പ്രവർത്തികളെല്ലാം ഈ സെന്ററുകൾക്ക് ഏറ്റെടുക്കാം. ചെറിയ അളവിലുള്ള ഉൽപന്നങ്ങളും സംസ്‌കരിച്ചു നൽകാൻ കഴിയണം. ഉപഭോക്‌താക്കളുടെ സൗകര്യാർഥം വീടുകളിൽനിന്നു ശേഖരിക്കുകയും സംസ്‌കരിച്ച് തിരിച്ച് വീട്ടിൽ എത്തിക്കുകയുമാകാം.

മാർക്കറ്റിങ്
 

ലക്ഷ്യം പ്രാദേശിക വിപണിയായതിനാൽ പത്രവിതരണക്കാർ‌വഴി നോട്ടിസ് വിതരണം ചെയ്‌തും പോസ്റ്ററുകൾ പതിപ്പിച്ചും വിവരങ്ങൾ ജനങ്ങളെ അറിയിക്കാം. കർഷകകൂട്ടായ്‌മയിലും അറിയിപ്പുകൾ നൽകാം.

പ്രവർത്തനരീതി
 

ഉൽപന്നത്തിന്റെ സംസ്‌കരണത്തിന് സർവീസ് ചാർജാണ്‌ ഈടാക്കുന്നത്. ഉപഭോക്താവിനു സ്വന്തം ഉൽപന്നം സംസ്‌കരിച്ച് ഉപയോഗിക്കുന്നതിനു വലിയ താൽപര്യമാണുള്ളത്. ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിച്ചു നൽകാനായാൽ സേവനം തേടുന്നവരുടെ എണ്ണം പെട്ടെന്നു വർധിക്കും. സൂര്യപ്രകാശത്തെ ആശ്രയിച്ച് ഉണക്കാൻ ഒരുപാട് പ്രതിസന്ധികളുണ്ട്. ഉൽപന്നത്തിന്റെ ഗുണമേന്മയും നഷ്ടമാകും. വിശ്വാസ്യത ആർജിച്ചെടുത്താൽ രണ്ടാം ഘട്ടത്തിൽ ഉൽപന്നങ്ങൾ വാങ്ങി സംസ്കരിച്ചു സൂക്ഷിച്ചു വിപണനം ചെയ്യാം.

യന്ത്രങ്ങൾ
 

മനുഷ്യാധ്വാനം ലഘൂകരിച്ച് താപസംരക്ഷക–താപ നിയന്ത്രണ സംവിധാനങ്ങളുള്ള ആധുനിക ഡി- ഹൈഡ്രേറ്ററുകൾ ലഭ്യമാണ്. ഈ യന്ത്രങ്ങൾക്ക് വൈദ്യുതിചാർജും കുറവാണ്. പൊടിക്കാനും അരയ്‌ക്കാനും പിഴിയാനും അരിയാനും ചെലവു കുറഞ്ഞ യന്ത്രങ്ങൾ ഇന്നു ലഭ്യമാണ്.

മൂലധന നിക്ഷേപം

Nano-business-Card4
Nano-business-Card5
Nano-business-Card6


 

ലൈസൻസുകൾ, സബ്സിഡി

 

ഉദ്യം റജിസ്‌ട്രേഷൻ, ഫുഡ് സേഫ്റ്റി റജിസ്‌ട്രേഷൻ, കെ–സ്വിഫ്റ്റ് എന്നിവ നേടി  മുകളിൽ പറഞ്ഞ സംരംഭങ്ങൾ ആരംഭിക്കാം. വിവിധ സംരംഭകത്വ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി വായ്‌പ ലഭിക്കും. പദ്ധതിക്ക്‌ ആനുപാതികമായി സബ്‌സിഡിയും നേടാം.

(പിറവം അഗ്രോപാർക്ക് ചെയർമാൻ ആണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com