ADVERTISEMENT

പല ആവശ്യങ്ങള്‍ക്ക് പേഴ്‌സണല്‍ ലോണുകള്‍ നല്‍കുന്ന കൂട്ടത്തില്‍ ട്രാവല്‍ ലോണുകളും ധനകാര്യസ്ഥാപനങ്ങള്‍ അനുവദിക്കുന്നുണ്ട്. ബാങ്കുകള്‍ മാത്രമല്ല നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും(എന്‍ബിഎഫ്‌സി) വ്യക്തിഗത ട്രാവല്‍ ലോണുകള്‍ നല്‍കുന്നു. യാത്രക്കായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം. 

ക്രെഡിറ്റ് സ്‌കോര്‍ 

സാധാരണ വ്യക്തിഗത വായ്പകളെ പോലെ ട്രാവല്‍ ലോണുകള്‍ അനുവദിക്കുമ്പോഴും അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. 750ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാണ് പൊതുവില്‍ ട്രാവല്‍ ലോണുകള്‍ അനുവദിക്കാറ്. ബാങ്കുകള്‍ മാത്രമല്ല എന്‍ബിഎഫ്‌സികളും വായ്പകളുടെ പലിശ നിശ്ചയിക്കാന്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വേഗത്തില്‍ വായ്പ ലഭിക്കും. 

പലിശ നിരക്ക് 

സാധാരണ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്ന പലിശ നിരക്കില്‍ തന്നെയാണ് ട്രാവല്‍ ലോണുകളും അനുവദിക്കാറ്. 10.49 ശതമാനം മുതലാണ് പേഴ്‌സണല്‍ ലോണ്‍ പലിശ നിരക്കെങ്കിലും ചില പൊതുമേഖലാ ബാങ്കുകളെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്പകള്‍ അനുവദിക്കാറുണ്ട്. ലോണ്‍ തിരിച്ചടവ് കണക്കിലെടുത്ത് മികച്ച ഉപഭോക്താക്കള്‍ക്ക് പല ബാങ്കുകളും പ്രീ അപ്രൂവ്ഡ് ലോണുകളും അനുവദിക്കുന്ന പതിവുണ്ട്. ഇടപാടുള്ള ബാങ്കുകളുമായി നേരിട്ട് അന്വേഷിച്ചാല്‍ ഇത്തരം വായ്പാ സാധ്യതകള്‍ വ്യക്തമാവും. പലിശനിരക്കുകളും മറ്റും പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളേയും ആശ്രയിക്കാവുന്നതാണ്. 

ഇഎംഐ 

സാധാരണഗതിയില്‍ വരുമാനത്തിന്റെ 50-55 ശതമാനത്തില്‍ കുറവുള്ള പ്രതിമാസ തിരിച്ചടവുള്ളവര്‍ക്ക് ട്രാവല്‍ ലോണുകള്‍ അനുവദിക്കാറുണ്ട്. ട്രാവല്‍ ലോണ്‍ ഇഎംഐ അടക്കം കണക്കുകൂട്ടിയാല്‍ തിരിച്ചടവ് വരുമാനത്തിന്റെ 50-55 ശതമാനത്തില്‍ കുറവാണെങ്കിലാണ് വായ്പ അനുവദിക്കുക. ദീര്‍ഘകാല ഇഎംഐ വേണോ ചുരുങ്ങിയ കാലംകൊണ്ട് കുറഞ്ഞ പലിശനിരക്കില്‍ ബാധ്യത അവസാനിപ്പിക്കാന്‍ സഹായിക്കുന്ന കൂടിയ ഇഎംഐ വേണോ എന്നും അപേക്ഷകര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. 

തിരിച്ചടവ് കാലാവധി 

സാധാരണ വ്യക്തിഗത വായ്പകളെ പോലെ അഞ്ചു വര്‍ഷം(60 മാസം) വരെയാണ് സാധാരണ ട്രാവല്‍ ലോണുകളുടേയും തിരിച്ചടവ് കാലാവധി. എന്നാല്‍ ചില ധനകാര്യസ്ഥാപനങ്ങള്‍ ഏഴു മുതല്‍ എട്ടു വര്‍ഷം വരെ തിരിച്ചടവ് കാലാവധി അനുവദിക്കാറുണ്ട്. കുറഞ്ഞ തിരിച്ചടവ് കാലയളവ് തെരഞ്ഞെടുക്കുന്നവര്‍ക്ക് കുറഞ്ഞ പലിശയും കൂടിയ പ്രതിമാസ തിരിച്ചടവും ദീര്‍ഘകാല തിരിച്ചടവ് തെരഞ്ഞെടുക്കുന്നവര്‍ക്ക് കൂടിയ പലിശയും കുറഞ്ഞ പ്രതിമാസ തിരിച്ചടവും ലഭിക്കും. ഇഎംഐ കാല്‍കുലേറ്ററുകളുടെ കൂടി സഹായത്തില്‍ എത്രമാത്രം ബാധ്യത എത്രകാലത്തേക്കുണ്ടാവുമെന്ന് വ്യക്തമായി കണക്കുകൂട്ടാനാവും. 

നേരത്തെ തിരിച്ചടച്ചാല്‍ 

ഫ്‌ളോട്ടിങ് പലിശ നിരക്കുള്ള വായ്പകളില്‍ പൂര്‍ണമായോ ഭാഗീകമായോ തിരിച്ചടക്കുമ്പോള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍ബിഐ നിര്‍ദേശമുണ്ട്. അതേസമയം ഫിക്‌സഡ് പലിശ നിരക്കുള്ള വായ്പകളില്‍ പ്രഖ്യാപിത കാലാവധിയേക്കാള്‍ നേരത്തെ തിരിച്ചടച്ചാല്‍ പിഴ ഈടാക്കാനാവും. ട്രാവല്‍ ലോണുകളുടെ കാര്യത്തില്‍ ഫിക്‌സഡ് ഇന്ററസ്റ്റ് റേറ്റുകളുള്ള വായ്പകളില്‍ ബാങ്കുകള്‍ക്ക് ആകെ വായ്പയുടെ അഞ്ച് ശതമാനം വരെ പിഴയായി ഈടാക്കാനാവും. അതുമാത്രമല്ല നിശ്ചിത പ്രതിമാസ തിരിച്ചടവുകള്‍ക്കു ശേഷം മാത്രമേ വായ്പ പൂര്‍ണമായും തിരിച്ചടക്കാനാവൂ എന്ന വ്യവസ്ഥ വെക്കാനുമാവും. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം ട്രാവല്‍ ലോണുകള്‍ എടുക്കുക. 

പ്രൊസസിങ് ഫീ 

വ്യക്തിഗത വായ്പകളില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന നഷ്ടമാണ് പ്രൊസസിങ് ഫീ. അത് ട്രാവല്‍ ലോണുകളിലുണ്ട്. വായ്പയുടെ നാലു ശതമാനം വരെ പ്രൊസസിങ് ഫീ ബാങ്കുകള്‍ ഈടാക്കാറുണ്ട്. ചില ബാങ്കുകളാവട്ടെ വായ്പാ തുക വ്യത്യസ്തമാണെങ്കിലും പ്രൊസസിങ് ഫീയായി നിശ്ചിത തുക ഈടാക്കും. അതുകൊണ്ട് ട്രാവല്‍ ലോണുകള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രൊസസിങ് ഫീ എത്രയെന്ന ധാരണയുണ്ടാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com