‘ഷുഗർ ലെസ് ’ സപ്ലൈകോ; പഞ്ചസാര പുറത്തായിട്ട് ഏകദേശം 9 മാസം
Mail This Article
കൊച്ചി∙ സപ്ലൈകോയ്ക്ക് പഞ്ചസാര മധുരം ഇല്ലാതായിട്ട് ഏകദേശം 9 മാസം. കഴിഞ്ഞ വർഷം ഓണക്കാലത്ത് നാമമാത്രമായി ചില ഔട്‌ലെറ്റുകളിൽ ഉണ്ടായിരുന്ന സബ്സിഡി ഇനമായ പഞ്ചസാരയെ സപ്ലൈകോ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പുതുക്കിയ വില പ്രകാരം ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് സപ്ലൈകോയിലെ സബ്സിഡി നിരക്ക് 28 രൂപയാണ്. എന്നാൽ പൊതുവിപണിയിൽ 45 രൂപയുണ്ട്. വിലയിലെ ഈ അന്തരമാണ് ടെൻഡറിൽ നിന്നു പഞ്ചസാര പുറത്താകാനുള്ള പ്രധാന കാരണം. കൂടാതെ പഞ്ചസാര വിതരണം ചെയ്യുന്ന മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറികൾക്ക് കോടിക്കണക്കിനു രൂപ സപ്ലൈകോ നൽകാനുള്ളതിനാൽ അവർ ടെൻഡറിൽ നിന്നു വിട്ടുനിൽക്കുകയാണ്.
കുടിശിക തുക നൽകാത്തതിനാൽ സബ്സിഡി ഇനത്തിലുള്ള വളരെ കുറച്ച് സാധനങ്ങളാണ് ഇപ്പോൾ സപ്ലൈകോയിൽ ടെൻഡറിൽ ഉൾപ്പെടുന്നത്. വിതരണക്കാരുടെ എണ്ണവും കുറഞ്ഞു. ഏകദേശം 400 കോടി രൂപയാണ് സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ളത്. ഈ മാസത്തെ ടെൻഡറിൽ ആറോളം ഉൽപന്നങ്ങൾക്ക് പർച്ചേസ് ഓർഡർ ആയിട്ടുണ്ടെന്നാണ് സപ്ലൈകോ പറയുന്നത്. ഇതിൽ ചെറുപയർ, ഉഴുന്ന്, പച്ചരി, മുളക്, ജയ അരി, കുറുവ അരി എന്നിവയിൽ രണ്ട് ഉൽപന്നങ്ങൾ ഒഴികെ ബാക്കിയെല്ലാം അളവു കുറച്ചു പേരിനു മാത്രമാണ് വിതരണത്തിന് എത്തുക.