ADVERTISEMENT

തിരുവനന്തപുരം ∙ വാണിജ്യ ആവശ്യങ്ങൾക്കു ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള മത്സരമേറിയതോടെ, കരുത്തുറ്റ എൽവിഎം 3 റോക്കറ്റ് നിർമാണവും സ്വകാര്യ മേഖലയ്ക്ക്. 2020ൽ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു നൽകിയതിനു ശേഷമുള്ള ഏറ്റവും വലിയ കരാറുകളിലൊന്നാകും ഇത്. 

പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം 3) എന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് നിർമിക്കാൻ ഇന്ത്യൻ കമ്പനികളെയോ കമ്പനികളുടെ കൂട്ടായ്മയെയോ (കൺസോർഷ്യം) ആണ് ഐഎസ്ആർഒയുടെ വാണിജ്യ സംരംഭമായ ന്യു സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ക്ഷണിക്കുന്നത്.

കുറഞ്ഞ ചെലവിൽ വലിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ ശേഷി തെളിയിക്കപ്പെട്ടതോടെ ലോക വ്യാപകമായി സ്വകാര്യ സംരംഭകർ ഉൾപ്പെടെ ഐഎസ്ആർഒയുടെ സഹായം തേടാൻ തുടങ്ങി. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ എൽവിഎം 3 റോക്കറ്റുകൾ സമയബന്ധിതമായി നിർമിച്ച് വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം.

എൽവിഎം 3

ഇന്ത്യയുടെ വിശ്വാസ്യതയുള്ള കരുത്തൻ റോക്കറ്റ്. ചന്ദ്രയാൻ 2, 3 എന്നിവയെ ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള കൃത്യമായ പാതയിലെത്തിച്ചു. 

രണ്ടു ഘട്ടങ്ങളിലായി ഉപഗ്രഹ ഇന്റർനെറ്റ് ദാതാക്കളായ വൺവെബിന്റെ 72 ഉപഗ്രഹങ്ങളെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ (ലിയോ) എത്തിച്ചു. 

∙ ഇപ്പോൾ ഐഎസ്ആർഒ നിർമിക്കുന്നത് – വർഷം 2 എൽവിഎം3 റോക്കറ്റ്

∙ ലക്ഷ്യം – സ്വകാര്യ മേഖലയിൽ 2 വർഷം കൊണ്ട് റോക്കറ്റ് നിർമാണത്തിന് അടിസ്ഥാന സൗകര്യമൊരുക്കണം. മൂന്നാം വർഷം മുതൽ എൽവിഎം3 റോക്കറ്റ് നിർമിച്ചു തുടങ്ങണം. 

ആറാം വർഷം മുതൽ ഓരോ വർഷവും കുറഞ്ഞത് 6 റോക്കറ്റ് നിർമിക്കണം. 14 വർഷം കൊണ്ട് ആകെ 65 എൽവിഎം 3 റോക്കറ്റ് നിർമിക്കണം.

പിഎസ്എൽവിക്കു ശേഷം എൽവിഎം3

ഇന്ത്യൻ സ്വകാര്യ സംരംഭകരെ ബഹിരാകാശ മേഖലയിൽ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി 2022 ൽ 5 പിഎസ്എൽവി റോക്കറ്റുകൾ നിർമിക്കാനുള്ള കരാർ എച്ച്എഎൽ– എൽ ആൻഡ് ടി കൺസോർഷ്യത്തിനു എൻഎസ്ഐഎൽ നൽകിയിരുന്നു. ഐഎസ്ആർഒയുടെ മറ്റൊരു സ്ഥാപനമായ ഇൻ–സ്പേസ് വഴി ചെറു ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് (എസ്എസ്എൽവി) നിർമിക്കാനുള്ള സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്കു കൈമാറാൻ തീരുമാനിച്ചതു കഴിഞ്ഞ വർഷമാണ്. അതിന്റെ തുടർച്ചയായാണ് ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റ് തന്നെ സ്വകാര്യ മേഖലയിൽ നിർമിക്കാൻ തീരുമാനമായത്. റോക്കറ്റ് നിർമാണത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനു പകരം സെമി ക്രയോജനിക് ഘട്ടം കൂടി ഉൾപ്പെടുത്തി എൽവിഎം 3 റോക്കറ്റിന്റെ ശേഷി വർധിപ്പിക്കുന്നതുൾപ്പെടെ ഗവേഷണ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം.

English Summary:

Private companies to build powerful rockets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com