വാട്സാപ് ഗ്രൂപ്പിലൂടെ തട്ടിപ്പ് വീണ്ടും, നഷ്ടപ്പെട്ടത് ഒരു കോടി രൂപ
Mail This Article
വാട്സാപ് ഗ്രൂപ്പിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ മാർഗനിർദേശങ്ങൾ നൽകി തട്ടിപ്പ് വീണ്ടും. നിക്ഷേപ ഗവേഷണ പ്ലാറ്റ് ഫോമിലൂടെ ഉയർന്ന ആദായം നൽകാമെന്നപ്പേരിലാണ് ഡൽഹിയിൽ തട്ടിപ്പ് നടന്നത്. 150 അംഗങ്ങളുള്ള ഈ ഗ്രൂപ്പിൽ ഓഹരി വിപണി ടിപ്പുകൾ നൽകിയാണ് വിശ്വാസം ആർജിച്ചത്.
വാട്സാപ് ഗ്രൂപ്പിൽ ചേർത്ത് നിക്ഷേപ ഗവേഷണ ഗ്രൂപ്പാണ് എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. 50,000 രൂപ നിക്ഷേപിച്ചാൽ അത് എത്രത്തോളം വളരും എന്ന് ആദ്യം 'കനത്ത വരുമാനം' നൽകി ഇരയെ ബോധിപ്പിച്ചു. ആദ്യമായി 'നല്ല വരുമാനം' ലഭിച്ച ഇര പിന്നീട് പല ഘട്ടങ്ങളായി ഒരു കോടിയോളം രൂപയാണ് ഈ ഗ്രൂപ്പ് വഴി നിക്ഷേപിച്ചത്.
നിക്ഷേപിച്ച ഒരു കോടി രൂപ 7 കോടിയായി വളർന്നു എന്ന രീതിയിലും വ്യാജ പ്ലാറ്റ് ഫോമിലൂടെ ഇരയെ വിശ്വസിപ്പിച്ചു. 'നിക്ഷേപം' പിൻവലിക്കാൻ നോക്കിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ചും ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചും സെബിയും തുടർച്ചയായി നിക്ഷേപകർക്ക് സുരക്ഷിതമായി ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും, ഇതൊന്നും ഫലപ്രദമാകുന്നില്ല എന്നാണ് ഈ തട്ടിപ്പുകൾ സൂചിപ്പിക്കുന്നത്.