ADVERTISEMENT

ന്യൂഡൽഹി∙ ബിഎസ്എൻഎലിനു പുതുജീവൻ പകരാനായി പ്രമുഖ കൺസൽറ്റിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പിനെ (ബിസിജി) 132 കോടി രൂപ ചെലവിൽ നിയമിക്കുന്നു. 3 വർഷത്തേക്കുള്ള പദ്ധതിരേഖ തയാറാക്കുകയാണ് ബിസിജിയുടെ ദൗത്യം. 

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുമായി മത്സരിക്കാൻ ബിഎസ്എൻഎലിനെ പ്രാപ്തമാക്കാനുള്ള നിർദേശങ്ങൾ ബിസിജി നൽകും. ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്ത് ബിസിജിയുടെ പ്രോജക്ട് മാനേജ്മെന്റ് ഓഫിസ് തുറക്കും. ഒരു ഡയറക്ടറും 7 മാനേജർമാരും അടങ്ങുന്ന സംഘമാകും ഇതിലുണ്ടാവുക.

വരുമാനം വർധിപ്പിക്കുക, ചെലവ് കുറയ്ക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലാകും നിർദേശങ്ങൾ നൽകുക. കേരളമടക്കമുള്ള 11 ടെലികോം സർക്കിളുകളിലെ പോരായ്മകളാകും ആദ്യഘട്ടത്തിൽ ബിസിജി പഠിക്കുക. പ്രവർത്തനച്ചെലവ് ഓരോ വർഷവും 5% വീതം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും ബിസിജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അനാവശ്യമെന്ന് ജീവനക്കാരുടെ സംഘടന

132 കോടി രൂപ മുടക്കി ബിസിജിയെ നിയമിക്കുന്ന നടപടി തീർത്തും അനാവശ്യമാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ (ബിഎസ്എൻഎൽഇയു). ഓഫിസ് കെട്ടിടങ്ങളുടെയും സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെയും അറ്റകുറ്റപ്പണി നടത്താൻ പോലും നിലവിൽ സ്ഥാപനത്തിനു ഫണ്ടില്ല. ഫണ്ടില്ലെന്നു പറഞ്ഞ് നോൺ–എക്സിക്യൂട്ടീവ് ജീവനക്കാർക്ക് മൊബൈൽ ഹാൻഡ്സെറ്റ്  നൽകുന്നില്ല. 

സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ശമ്പള പരിഷ്കരണം പോലും നടപ്പാക്കാത്ത ബിഎസ്എ‍ൻഎൽ കൺസൽട്ടിങ് കമ്പനിക്ക് 132 കോടി രൂപ നൽകുന്നത് അനാവശ്യമാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.

English Summary:

Boston Consulting Group to study BSNL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com