വിദേശ നിക്ഷേപത്തിൽ 3.49 ശതമാനം ഇടിവ്
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ(എഫ്ഡിഐ) ഇടിവ്. 2023–24 സാമ്പത്തിക വർഷം വിവിധ മേഖലകളിലേക്കുള്ള പണമൊഴുക്ക് 3.49 ശതമാനം ഇടിഞ്ഞ് 4442 കോടി ഡോളറാണ്. മുൻവർഷം എത്തിയ വിദേശ നിക്ഷേപം 4603 കോടി ഡോളറായിരുന്നു. 22 ശതമാനത്തിന്റെ ഇടിവാണ് അന്നു രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ മൂന്നു മാസത്തെ നിക്ഷേപത്തിൽ വർധനയുണ്ട്. 33.4 ശതമാനം വർധിച്ച് 1238 കോടി ഡോളറിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 928 കോടി ഡോളർ മാത്രം.
ഓഹരിവിപണിയിലേക്ക് അടക്കമുള്ള ആകെ വിദേശ നിക്ഷേപം ഒരു ശതമാനം ഇടിഞ്ഞ് 7095 കോടി ഡോളറായി. മുൻവർഷം ഇത് 7135 കോടി ഡോളർ. 2021–22 കാലയളവിലാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം എത്തിയത്; 8483 കോടി ഡോളർ.
മൊറീഷ്യസ്, സിംഗപ്പൂർ, യുഎസ്, യുകെ, യുഎഇ, കേമാൻ ദ്വീപുകൾ, ജർമനി, സൈപ്രസ് എന്നിവിടങ്ങളിൽനിന്നുള്ള നിക്ഷേപത്തിൽ ഇടിവുണ്ടായി. നെതർലൻഡ്സ്, ജപ്പാൻ എന്നിവിടങ്ങളിൽനിന്നു നിക്ഷേപം കൂടി. സേവനം, കംപ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം, ഓട്ടോ, ഫാർമ എന്നീ മേഖലകളിലേക്കുള്ള നിക്ഷേപം കുറഞ്ഞു. നിർമാണമേഖല, ഊർജരംഗം എന്നിവ വളർച്ച രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലേക്കാണ് കൂടുതൽ നിക്ഷേപമെത്തിയത്; 1510 കോടി ഡോളർ. ഗുജറാത്തിലേക്ക് 730 കോടി ഡോളർ എത്തി. തമിഴ്നാട്, ജാർഖണ്ഡ്, തെലങ്കാന എന്നിവയും വളർച്ച രേഖപ്പെടുത്തി. എന്നാൽ കർണാടകയിലേക്കുള്ള നിക്ഷേപം ഇടിഞ്ഞു. മുൻവർഷം 1042 കോടി ഡോളറായിരുന്നത് ഇത്തവണ 657 കോടിയായി.