ADVERTISEMENT

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി കെ.കെ. അജിത് കുമാറിനെ നിയമിച്ചു. ജൂണ്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇന്ന് ചേര്‍ന്ന ബാങ്കിന്‍റെ ഡയറക്ട‍ര്‍ ബോര്‍ഡാണ് നിയമനാനുമതി നല്‍കിയത്. റിസര്‍വ് ബാങ്കിന്‍റെ അനുമതി കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചിരുന്നു.

ഓഹരി ഉടമകളുടെ അനുമതിയും വൈകാതെ തേടുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ധനലക്ഷ്മി ബാങ്ക് വ്യക്തമാക്കി. ജനുവരിയില്‍ വിരമിച്ച ജെ.കെ. ശിവന്‍റെ പിൻഗാമിയായാണ് കെ.കെ. അജിത് കുമാര്‍ എത്തുന്നത്.

മൂന്നര പതിറ്റാണ്ടിന്‍റെ അനുഭവ സമ്പത്ത്

ബാങ്കിംഗ് രംഗത്ത് 36 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുള്ള അജിത് കുമാര്‍, ഫെഡറല്‍ ബാങ്കില്‍ നിന്നാണ് ധനലക്ഷ്മി ബാങ്കിലേക്ക് എത്തുന്നത്. ഫെഡറല്‍ ബാങ്കില്‍ പ്രസിഡന്‍റും ചീഫ് എച്ച്ആര്‍ ഓഫീസറുമായിരുന്നു. വായ്പ, എച്ച്ആര്‍, ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് വിഭാഗങ്ങളുടെ ചുമതല വഹിച്ചു. ഫെഡറല്‍ ബാങ്കിന്‍റെ ഉപസ്ഥാപനമായ ഫെഡറല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസിന്‍റെ ഡയറക്ടറുമായിരുന്നു.

മികച്ച എച്ച്ആ‍ര്‍ ലീഡറിനുള്ള സ്വര്‍ണ മെഡല്‍ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയുള്ള അജിത് കുമാര്‍ കേരള അഗ്രികള്‍ചറൽ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കുസാറ്റില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. 

ഓഹരികളില്‍ നേരിയ നേട്ടം

ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരിവില ഇന്നൊരുവേള വ്യാപാരത്തിനിടെ ഒരു ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. നിലവില്‍ ഓഹരിയുള്ളത് 0.38 ശതമാനം നേട്ടവുമായി 42.55 രൂപയില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com