ADVERTISEMENT

ജൂലൈയിൽ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനു മുമ്പ് പെട്രോൾ - ഡീസൽ വിലകളുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. പെട്രോളിയം ഉൽപന്നങ്ങളെ ചരക്കു സേവന നികുതി (ജിഎസ്ടി) പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം വീണ്ടും സജീവ ചർച്ചാ വിഷയമായിരിക്കുകയാണ്. ജൂൺ 23 ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കാനിടയുണ്ട്. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

പുതിയ സർക്കാറിന്റെ ആദ്യ യോഗം
 

മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പെട്രോൾ - ഡീസൽ വിലകൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും ഇക്കാര്യത്തിൽ അനുകൂല അഭിപ്രായമാണ് ഉള്ളത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം നേരത്തെതന്നെ ഉണ്ട്. തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായ പശ്ചാത്തലത്തിൽ എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇപ്പോഴത്തെ കൗൺസിൽ യോഗം നടക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്.

ഓൺലൈൻ ഗെയിമുകൾക്കും കാസിനോയ്ക്കും കുതിരപ്പന്തയങ്ങൾക്കും 28% നികുതി ചുമത്താൻ കഴിഞ്ഞ ജൂലായിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. പ്രസ്തുത നികുതി വർദ്ധന തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും ഇതു പുന:പരിശോധിക്കണമെന്നും ഓൺലൈൻ ഗെയിമിങ് വ്യവസായികൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീടുണ്ടായ യോഗം ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ഇത്തവണത്തെ യോഗത്തിൽ ഇക്കാര്യവും പുന:പരിശോധിച്ചേക്കാം. വിവിധ ജിഎസ്ടി നിരക്കുകൾ യാഥാർത്ഥ്യബോധത്തോടെ ഏകീകരിക്കാനുള്ള നിർദേശങ്ങളും ഉണ്ടാകാനിടയുണ്ട്. നിരക്കു മാറ്റങ്ങൾ പഠിച്ചു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയുടെ നേതൃത്വത്തിലുള്ള പാനലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

gst-3

ജിഎസ്ടി പരിധിയിൽ വന്നാൽ
 

പെട്രോളിയം ഉൽപന്നങ്ങളുടെ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ - ഡീസൽ വില നിലവിലുള്ളതിനേക്കാൾ കുറയാനാണ് സാധ്യത. സർക്കാരുകൾ നിലവിൽ 60 ശതമാനത്തോളം നികുതിയാണ് ഈ ഇനത്തിൽ  ഈടാക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായാൽ ഉപഭോക്താക്കൾക്ക് അതു വലിയ നേട്ടമാകും. ഭീമമായ നികുതിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത തെളിയും. നിലവിൽ 5%, 12%, 28% എന്നിങ്ങനെയുള്ള നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. പെട്രോളിന് പരമാവധി നികുതി നിരക്കായ 28% ജിഎസ്ടി ചുമത്തിയാലും ഗണ്യമായ വിലക്കുറവ് ഉണ്ടാകും. രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഈ നടപടി സഹായിക്കുകയും ചെയ്യും.

പ്രത്യേക സ്ലാബ് വരുമോ?
 

പെട്രോളിനും ഡീസലിനും മാത്രമായി പുതിയ ജിഎസ്ടി സ്ലാബ് സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലവിൽ രാജ്യത്ത് മൂന്നു ജിഎസ്ടി സ്ലാബുകളാണ് നിലവിലുള്ളതെങ്കിലും സ്വർണത്തിന് പ്രത്യേക സ്ലാബിലാണ് ജിഎസ്ടി ഈടാക്കുന്നത് - 3%. ഇതുപോലെ ഒരു പ്രത്യേക സ്ലാബ് പെട്രോളിയം ഉൽപന്നങ്ങൾക്കും ഏർപ്പെടുത്തിയേക്കാം. ഇത് ഏതായാലും 28% ന് മുകളിലായിരിക്കാനാണ് സാധ്യത.

സർക്കാരുകൾക്ക് തിരിച്ചടി
 

പെട്രോൾ-ഡീസൽ വിലകൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചാൽ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കാര്യമായ കുറവ് സംഭവിക്കും. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതിയിലൂടെ സംസ്ഥാനങ്ങൾക്ക് നേരിട്ടു ലഭിച്ചിരുന്ന പണം ഇനി കേന്ദ്രത്തിലേക്ക് പോകുകയും സംസ്ഥാനങ്ങൾക്ക് അവിടെ നിന്ന് ലഭിക്കുകയും ചെയ്യും.

gst-8

കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധന നികുതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ ഗണ്യമായ കുറവു സംഭവിക്കുമെന്നുള്ളതുകൊണ്ടാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുകയും എക്സൈസ് ഡ്യൂട്ടിയും സെസുകളും ഈടാക്കാതിരിക്കുകയും ചെയ്താൽ കേന്ദ്രത്തിനും വരുമാന നഷ്ടം ഉണ്ടാകും. എന്നാൽ പെട്രോളിയം ഉല്പന്നങ്ങൾക്ക് ജിഎസ്ടി നടപ്പിലാക്കിയാലും കേന്ദ്ര സർക്കാറിന് എക്സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം ഭരണഘടനയിലുണ്ട്. ഇതനുസരിച്ച് എക്സൈസ് ഡ്യൂട്ടിയും സെസും ഈടാക്കാനാകും. സംസ്ഥാന സർക്കാരുകളുടെ വരുമാനം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ എതിരഭിപ്രായമുള്ളവരുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടേക്കും. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ദീർഘകാല ആവശ്യത്തിൽ എന്തു തീരുമാനമെടുക്കുമെന്നാണ് വ്യവസായ വാണിജ്യ സമൂഹം  ഉറ്റുനോക്കുന്നത്.

English Summary:

GST Council Meeting: Will Petrol and Diesel Prices Finally Be Included Under GST?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com