ഗിൽറ്റ് ഫണ്ടുകൾ എന്തുകൊണ്ട് നിക്ഷേപങ്ങളുടെ ഭാഗമാവണം?
Mail This Article
നിങ്ങൾക്ക് സർക്കാരിനു പണം കടം നൽകാമെന്നും അതിൽനിന്നു വരുമാനം നേടാമെന്നും അറിയാമോ? ഇല്ലെങ്കിൽ അതു സാധ്യമാക്കുന്ന മ്യൂച്വൽഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. അതായത്, നിങ്ങളുടെ നിക്ഷേപം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. റിസ്കെടുക്കാതെ ബാങ്ക് ഡിപ്പോസിറ്റിനെക്കാൾ അൽപം ഉയർന്ന റിട്ടേൺ നേടാനുള്ള അവസരമാണ് ഇത്തരം ഫണ്ടുകൾ നിക്ഷേപകർക്കു നൽകുന്നത്. നേട്ടത്തിനൊപ്പം സുരക്ഷിതത്വവും നൽകുന്ന ഒരു നിക്ഷേപമാർഗമെന്നനിലയിലാണ് ഗിൽറ്റ്ഫണ്ടുകൾ ആകർഷകമാവുന്നത്.
എന്തുകൊണ്ട് ഇപ്പോൾ നിക്ഷേപിക്കണം?
ബാങ്ക് പലിശ കൂടുന്നതും കുറയുന്നതും നിങ്ങൾ ശ്രദ്ധിക്കാറില്ലേ? പലിശ ഉയർന്നുനിൽക്കുമ്പോഴാണ് ഗിൽറ്റ്ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുയോജ്യമായ സമയം. എന്തുകൊണ്ടെന്നല്ലേ? ഈ സമയം കൂടുതൽ പലിശ ലഭിക്കുന്ന ബോണ്ടുകളിൽ ഈ ഫണ്ടുകൾക്കു നിക്ഷേപം നടത്താം.
അതു മാത്രമല്ല, പലിശനിരക്കു കുറയുന്ന സമയത്ത്, ഉയർന്ന പലിശയുള്ള ഈ ബോണ്ടുകളുടെ ഡിമാൻഡ് ഉയരും. അപ്പോൾ വിപണിവില ഇഷ്യുപ്രൈസിനു മുകളിലെത്തും. ആ സമയത്തു വിറ്റാൽ നിങ്ങൾക്കു കൂടുതൽ റിട്ടേൺ ലഭിക്കുമെന്ന് അർഥം. കഴിഞ്ഞ കുറെ നാളുകളായി രാജ്യത്തെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. താമസിയാതെ റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചുതുടങ്ങും. അതുകൊണ്ടു തന്നെ ഇപ്പോൾ ഗിൽറ്റ് ഫണ്ടിൽ നിക്ഷേപിച്ചാൽ വൈകാതെ അവയുടെ വില ഉയരും.
നികുതി ലാഭിക്കാം
സ്ഥിരനിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി ലാഭിക്കാനും ഗിൽറ്റ്‌ഫണ്ട് നിക്ഷേപങ്ങൾക്കു കഴിയും. പണം പിൻവലിച്ചാലും ഇല്ലെങ്കിലും സ്ഥിര നിക്ഷേപത്തിന് ഒരു വർഷം 40,000 രൂപയ്ക്കുമേൽ പലിശവരുമാനം കിട്ടിയാൽ 10% ടിഡിഎസ് പിടിക്കും. എന്നാൽ ഗിൽറ്റ്‌ഫണ്ടിൽ പണം പിൻവലിക്കുമ്പോൾ മാത്രം ലഭിക്കുന്ന ലാഭത്തിനു നികുതി നൽകിയാൽ മതി. ഡെറ്റ്‌ഫണ്ടിനു കീഴിൽവരുന്നതുകൊണ്ട് ആദായനികുതി സ്ലാബ് നിരക്കിനനുസരിച്ചാണ് നികുതി കണക്കാക്കുന്നത്.
ആരൊക്കെ നിക്ഷേപിക്കണം?
സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെക്കാൾ നേട്ടം, നികുതിലാഭം തുടങ്ങിയവയൊക്കെ പരിഗണിക്കുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഗിൽറ്റ് ഫണ്ടുകൾ പരിഗണിക്കാവുന്നതാണ്.
(വെൽത്ത് മെട്രിക്സിന്‍റെ സ്ഥാപകനും സിഇഒയുമാണ് ലേഖകൻ. ജൂൺ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.)