ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പ് പൂരത്തിന് പിന്നാലെ ഇന്ത്യയില്‍ ഐപിഒ പൂരവും കൊട്ടിക്കയറുന്നു. അടുത്ത രണ്ടുമാസത്തിനകം (ജൂണ്‍-ജൂലൈ) 24 കമ്പനികളുടെ ഐപിഒ പ്രതീക്ഷിക്കാം. ഇവ സംയോജിതമായി 30,000 കോടിയോളം രൂപ സമാഹരിച്ചേക്കും. ഇതില്‍ 18 കമ്പനികള്‍ക്ക് സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി കിട്ടിക്കഴിഞ്ഞു. ഇവ 20,000 കോടിയോളം രൂപയും സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം (2024-25) മേയ് വരെയുള്ള കണക്കുപ്രകാരം 7 കമ്പനികള്‍ സംയോജിതമായി പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐപിഒ) 15,000 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടുമാസങ്ങളില്‍ ഐപിഒ മാര്‍ക്കറ്റ് ഉഷാറായിരുന്നില്ല.

റെക്കോഡുകള്‍ പഴങ്കഥയാകും
37 കമ്പനികള്‍ കൂടി ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്. ഇതുവഴി കുറഞ്ഞത് 50,000 കോടി രൂപ കൂടി സമാഹരിക്കപ്പെട്ടേക്കും. പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്, ഇന്ത്യാ വിഭാഗമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിനെയും ഐപിഒ വഴി ഓഹരി വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏകദേശം 25,000 കോടി രൂപയാണ് ഇതിലൂടെ ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയാകും അത്. 2022ല്‍ എല്‍ഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോഡ്. 

2003ലെ മാരുതി സുസുക്കിയുടെ ഐപിഒയ്ക്ക് ശേഷം ഇതുവരെ വാഹന നിര്‍മാണ മേഖലയില്‍ നിന്നൊരു കമ്പനിയും ഇന്ത്യയില്‍ പുതുതായി ഓഹരി വിപണിയിലേക്ക് എത്തിയിട്ടില്ല. വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കും 7,250 കോടി രൂപയുടെ ഐപിഒയ്ക്ക് സജ്ജമായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ തുക മറികടക്കും
2022-23ല്‍ 37 കമ്പനികള്‍ ചേര്‍ന്ന് 52,116 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 75 കമ്പനികള്‍ ചേര്‍ന്ന് 61,000 കോടി രൂപയും ഐപിഒ വഴി സമാഹരിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ഈവര്‍ഷം ഐപിഒ വിപണിയിലേക്ക് ഒഴുകിയേക്കും. 

ഓല, ഹ്യുണ്ടായ് തുടങ്ങിയവയ്ക്ക് പുറമേ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, സ്വിഗ്ഗി തുടങ്ങിയവയും വന്‍ ഐപിഒയ്ക്കുള്ള ഒരുക്കങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 10,000 കോടി രൂപയുടേതാകും സ്വിഗ്ഗിയുടെ ഐപിഒ. എന്‍ടിപിസി ഗ്രീന്‍ ഉന്നമിടുന്നത് 8,000 കോടി രൂപയ്ക്ക് മുകളില്‍.

ഹൾദിറാംസ്, ഫസ്റ്റ് ക്രൈ, മണപ്പുറം ഫിനാന്‍സിന്‍റെ ഉപകമ്പനിയായ ആശീര്‍വാദ് ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഉപസ്ഥാപനമായ ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് തുടങ്ങിയവയും ഈ വര്‍ഷം ഐപിഒയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

English Summary:

Upcoming IPO's In Indian Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com