പച്ചക്കറി വില രണ്ടിരട്ടി ഉയർന്നു
Mail This Article
തിരുവനന്തപുരം ∙ ഒരു മാസത്തിനിടെ പല പച്ചക്കറി ഇനങ്ങളുടെയും വില രണ്ടിരട്ടിയിലേറെയായി ഉയർന്നു. മുരിങ്ങക്കായ ചിലയിടത്ത് മൊത്തവില 250 രൂപ വരെ എത്തി. തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, പച്ചമുളക്, വെള്ളരി, ചേന, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, ബീൻസ്, കാബേജ് എന്നിവയുടെയും വില കൂടി. മഴയിൽ തമിഴ്നാട്ടിൽ പച്ചക്കറി കൃഷി നശിച്ചതിനെത്തുടർന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞതാണു കാരണമെന്ന് വ്യാപാരികൾ.
തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാർക്കറ്റിൽ പ്രതിദിനം എത്തുന്ന പച്ചക്കറിയിൽ 60% കുറവുണ്ടായെന്നും പറയുന്നു. പൊതുവിപണിയിൽ വില ഉയരുമ്പോൾ കൃഷി വകുപ്പിനു കീഴിലുള്ള ഹോർട്ടികോർപ് വിൽപനശാലകളിലും പല ഇനങ്ങൾക്കും കാര്യമായ വില കുറവില്ല.
പഴവർഗങ്ങൾക്കും വില കൂടുതലാണ്. ഏത്തയ്ക്ക കഴിഞ്ഞ മാസം കിലോയ്ക്ക് (മൊത്ത വില) 40 രൂപയായിരുന്നത് ചിലയിടത്ത് 60 രൂപയായി.