ക്രെഡിറ്റ് കാർഡ് ഇഎംഐ വഴി സ്വർണവും വാങ്ങാമോ? കേന്ദ്ര ബജറ്റ് കനിയണം
Mail This Article
പുതുപുത്തൻ മൊബൈൽഫോണും ടിവിയുമൊക്കെ ക്രെഡിറ്റ് കാർഡിലെ ഇഎംഐ സൗകര്യമുപയോഗിച്ച് സ്വന്തമാക്കുന്നത് പോലെ സ്വർണാഭരണങ്ങളും വാങ്ങാൻ പറ്റിയാലോ...? നിലവിൽ ഈ സൗകര്യമില്ല. എന്നാൽ, കേന്ദ്ര ബജറ്റ് കനിഞ്ഞാൽ നടക്കുമെന്ന് സ്വർണ വ്യാപാരികൾ പറയുന്നു.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈയിൽ അവതരിപ്പിക്കാനിരിക്കേ, ധനമന്ത്രി നിർമല സീതാരാമന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നൽകിയ നിവേദനത്തിലാണ് ഈ ആവശ്യമുള്ളത്. ബജറ്റിൽ ഇത് അംഗീകരിച്ചാൽ, വിവാഹാവശ്യത്തിന് ഉൾപ്പെടെ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് നേട്ടമാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സ്വർണം വാങ്ങിയശേഷം ഉടനടി പണം നൽകേണ്ടെന്നും മാസത്തവണകളായി അടച്ചാൽ മതിയെന്നതുമാണ് നേട്ടം.
കഴിഞ്ഞ മോദി സർക്കാരിന്‍റെ അവസാന ബജറ്റിന് (ഇടക്കാല ബജറ്റ്) മുമ്പായും ഇതുൾപ്പെടെ നിരവധി ആവശ്യങ്ങൾ സ്വർണ വ്യാപാരികൾ മുന്നോട്ടുവച്ചെങ്കിലും പരിഗണിച്ചിരുന്നില്ല. നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണം വാങ്ങാൻ ഉപയോക്താക്കൾക്ക് കഴിയും. എന്നാൽ, ഇഎംഐ (പ്രതിമാസ തവണ വ്യവസ്ഥ) സൗകര്യമില്ല.
ഇറക്കുമതി തീരുവ കുറയ്ക്കണം
സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കുറയ്ക്കുക, പാൻ കാർഡ് പരിധി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. കള്ളക്കടത്തിനും നികുതിവെട്ടിച്ചുള്ള സമാന്തര വിപണിക്കും തടയിടാൻ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം സ്വർണ വ്യാപാരികൾ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. എന്നിട്ടും 7.5 ശതമാനമായിരുന്ന തീരുവ 2022ൽ ഒറ്റയടിക്ക് 12.5 ശതമാനമാക്കുകയാണ് കേന്ദ്രം ചെയ്തത്.
12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം കാർഷിക-അടിസ്ഥാനസൗകര്യ വികസന സെസ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവയടക്കം മൊത്തം 18 ശതമാനമാണ് സ്വർണത്തിന് നിലവിൽ നികുതി. ഇറക്കുമതി തീരുവ 4-6 ശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ് പ്രധാന ആവശ്യം. ജിഎസ്ടി 1.25 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവുമുണ്ട്. നികുതിഭാരം കുറഞ്ഞാൽ സ്വർണവിലയിലും ആനുപാതിക കുറവുണ്ടാകുമെന്നും ഇത് സാധാരണക്കാർക്ക് ആശ്വാസമാകുമെന്നും വ്യാപാരികൾ പറയുന്നു.
പാൻ, ക്യാഷ് പരിധി കൂട്ടണം
നിലവിൽ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്. പരിധി 5 ലക്ഷം രൂപയാക്കിയാൽ ഉപയോക്താക്കൾക്കും വിപണിക്കും നേട്ടമാകുമെന്നും ക്യാഷ് പർച്ചേസ് പരിധി നിലവിലെ 10,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയാക്കണമെന്നും ആവശ്യമുണ്ട്. പരിധി കഴിഞ്ഞാൽ ചെക്കോ ഡിജിറ്റൽ പേയ്മെന്‍റോ സ്വീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ക്രെഡിറ്റ് കാർഡുകളുടെ കമ്മിഷൻ റേറ്റും ഡെബിറ്റ് കാർഡുകൾക്ക് സമാനമാക്കുക, സ്വർണം പണമാക്കാൽ പദ്ധതി (ഗോൾഡ് മോണെറ്റൈസേഷൻ സ്കീം) പുനരുജ്ജീവിപ്പിച്ച് ബാങ്കുകളെയും മതസ്ഥാപനങ്ങളെയും സജീവമായി പങ്കെടുപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.
ഇന്ത്യയുടെ ജിഡിപിയിൽ 7 ശതമാനം പങ്കുവഹിക്കുന്ന മേഖലയാണ് സ്വർണ വിപണിയെന്നും 50 ലക്ഷത്തോളം പേരാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നതെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു. എകെജിഎസ്എംഎയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽ നാസർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.