ADVERTISEMENT

രാജ്യാന്തരതലത്തിൽ ജനജീവിതമാകെ സ്തംഭിപ്പിച്ചാണ് 2020ൽ കോവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾ ആഞ്ഞടിച്ചത്. അപ്പോഴും ഏവരെയും അമ്പരിപ്പിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസും ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസും. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഫേസ്ബുക്ക്, സിൽവർലേക്ക് പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്‍റിക്, മുബദല, അദിയ, കെകെആർ തുടങ്ങി ആഗോള ടെക്, നിക്ഷേപക വമ്പന്മാരിൽ നിന്ന് ജിയോ സ്വന്തമാക്കിയത് 1.15 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം.

മറ്റ് വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ ഉൽപാദനമോ വിൽപനയോ ഇല്ലാതെ നിശ്ചലമായിരിക്കുമ്പോഴായിരുന്നു ജിയോയുടെ ഈ നിക്ഷേപം വാരിക്കൂട്ടൽമേള. 2020 മാർച്ച് 31ലെ കണക്കുപ്രകാരം 1.61 ലക്ഷം കോടി രൂപ കടത്തിലായിരുന്നു ജിയോ. വിദേശ നിക്ഷേപത്തിനൊപ്പം അവകാശ ഓഹരി വിൽപന വഴി (റൈറ്റ്സ് ഇഷ്യൂ) 53,124 കോടി രൂപ കൂടി സമാഹരിച്ചതോടെ ജൂണിൽ കടമില്ലാ കമ്പനിയായും ജിയോ മാറി.

IPO

ഇപ്പോഴിതാ, ഇന്ത്യ സാക്ഷിയാകുന്ന ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്കും (ഐപിഒ) ജിയോ ഒരുങ്ങുന്നതായാണ് സൂചനകൾ. അടുത്തിടെ ടെലികോം റീചാർജ് നിരക്കുകൾ വർധിപ്പിച്ചതും 5ജി ബിസിനസ് വരുമാനം ഉയർത്താനുള്ള നടപടികളും ഐപിഒയിലേക്ക് വിരൽചൂണ്ടുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞമാസമാണ് നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയത്.

അരങ്ങൊരുങ്ങുന്നത് വമ്പൻ ഐപിഒയ്ക്ക്
 

2022 ഫെബ്രുവരിയിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി നടത്തിയ 20,500 കോടി രൂപയുടെ ഐപിഒയാണ് നിലവിൽ ഇന്ത്യയിലെ റെക്കോർഡ്. 2021 ജൂലൈയിൽ പേയ്ടിഎം നടത്തിയ 18,200 കോടി രൂപയുടെ റെക്കോർഡായിരുന്നു എൽഐസി മറികടന്നത്.

133 ബില്യൺ ഡോളറാണ് യുഎസ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് റിലയൻസ് ജിയോയ്ക്ക് വിലയിരുത്തുന്ന വിപണിമൂല്യം. അതായത് 11.11 ലക്ഷം കോടി രൂപ. ഒരുലക്ഷം കോടി രൂപയ്ക്കുമേൽ വിപണിമൂല്യമുള്ള കമ്പനികൾ മിനിമം 5 ശതമാനം ഓഹരി ഐപിഒ വഴി വിറ്റഴിക്കണമെന്നാണ് ഇന്ത്യൻ ചട്ടം.

lic-ipo

അങ്ങനെയെങ്കിൽ ജിയോ 5 ശതമാനം ഓഹരി വിറ്റഴിച്ചാൽ അതിലൂടെ നിലവിൽ 55,500 കോടി രൂപ സമാഹരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായും അത് മാറും.

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയുടെ ഇന്ത്യാ വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ഐപിഒയ്ക്ക് ഒരുങ്ങുകയാണ്. 25,000 കോടി രൂപയാണ് ലക്ഷ്യം.

ഇന്ത്യയിലെ വലിയ ഐപിഒകൾ
 

  • എൽഐസി (2022 ഫെബ്രുവരി) - 20,500 കോടി
  • പേയ്ടിഎം (2021 ജൂലൈ)  - 18,200 കോടി
  • കോൾ ഇന്ത്യ (2010 ഓഗസ്റ്റ്) - 15,100 കോടി
  • ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ (2017 ഓഗസ്റ്റ്) - 11,250 കോടി
  • എസ്ബിഐ കാർഡ്സ് (2020 മാർച്ച്) - 10,000 കോടി

ജിയോയും ഓഹരി ഉടമകളും
 

മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ പക്കലാണ് ജിയോ പ്ലാറ്റ്ഫോംസിന്‍റെ 67.03 ശതമാനം ഓഹരികൾ. റിലയൻസിന്‍റെ ടെലികോം, ഡിജിറ്റൽ ബിസിനസുകൾ കൈകാര്യം ചെയ്യുന്നത് ജിയോ പ്ലാറ്റ്ഫോംസാണ്. മെറ്റ, ഗൂഗിൾ എന്നിയുടെ കൈവശം 17.72 ശതമാനം ഓഹരികളുണ്ട്. രാജ്യാന്തര പ്രൈവറ്റ് ഇക്വിറ്റി സ്ഥാപങ്ങളായ വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, കെകെആർ, സിൽവർ ലേക്ക്, ജനറൽ അറ്റ്ലാന്‍റിക്, ടിപിജി എന്നിവയുടെ കൈവശമാണ് ബാക്കി 15.25 ശതമാനം.

എന്ന് പ്രതീക്ഷിക്കാം ഓഹരി വിൽപന?
 

ജിയോയുടെ പ്രാരംഭ ഓഹരി വിൽപന സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്തമാസമാണ് റിലയൻസിന്‍റെ വാർഷിക പൊതുയോഗം. ചെയർമാൻ മുകേഷ് അംബാനി ഈ യോഗത്തിൽ ജിയോയുടെ ഐപിഒയെയും പ്രഖ്യാപിച്ചേക്കാം. നിലവിൽ ജിയോയുടെ ഓഹരികൾ കൈവശമുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഐപിഒയിൽ ഓഹരികൾ പൂർണമായി വിറ്റൊഴിയുകയോ ഓഹരി പങ്കാളിത്തം കുറയ്ക്കുകയോ ചെയ്തേക്കുമെന്നും പ്രതീക്ഷിക്കുന്നു.

A 5G hotspot sign is displayed at the MWC (Mobile World Congress) in Barcelona on March 2, 2022. - The Mobile World Congress, where smartphone and telecoms companies show off their latest products and reveal their strategic visions, is expected to welcome more than 40,000 guests over its four-day run. (Photo by Josep LAGO / AFP)
A 5G hotspot sign is displayed at the MWC (Mobile World Congress) in Barcelona on March 2, 2022. - The Mobile World Congress, where smartphone and telecoms companies show off their latest products and reveal their strategic visions, is expected to welcome more than 40,000 guests over its four-day run. (Photo by Josep LAGO / AFP)

ടെലികോം നിരക്കുകൾ ഉയർത്തിയ നടപടി ജിയോയുടെ സാമ്പത്തികസ്ഥിതി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ വിപണിയിൽ ഏറ്റവും ഉയർന്ന ശരാശരി ഉപയോക്തൃ വരുമാനമുള്ളത് (ARPU) ഭാരതി എയർടെല്ലിനാണ് (209 രൂപ). ജിയോയ്ക്കിത് 181.70 രൂപയും വോഡഫോൺ ഐഡിയയ്ക്ക് (വീ) 146 രൂപയുമാണ്. നിരക്കുകൾ കൂട്ടിയതോടെ എആർപിയുവും അതുവഴി മൊത്ത വരുമാനവും വർധിക്കുന്നത് ജിയോയ്ക്ക് നേട്ടമാകും.

English Summary:

Reliance Jio is gearing up for a record-breaking IPO. With increased telecom rates and strategic business enhancements, Jio aims to surpass LIC's and Paytm's previous IPO records. Hyundai Motor India is also preparing for a massive IPO.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com