ADVERTISEMENT

സംസ്ഥാനത്ത് സ്വർണാഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി വില വീണ്ടും ഉയരുന്നു. ഗ്രാമിന് ഇന്ന് 20 രൂപ ഉയർന്ന് വില 6,730 രൂപയായി. 160 രൂപ വർധിച്ച് 53,840 രൂപയാണ് പവൻ വില.

18 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ ഉയർന്ന് 5,590 രൂപയിലെത്തി. വെള്ളി വിലയും കൂടുകയാണ്. ഗ്രാമിന് ഒരു രൂപ വർധിച്ച് 99 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ രണ്ടുദിവസമായി മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് സ്വർണം, വെള്ളി വിലകൾ വർധിച്ചത്.

വില ഉയർത്തി അമേരിക്കൻ കാറ്റ്!
 

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ അടിസ്ഥാന പലിശനിരക്കുകൾ സെപ്റ്റംബറോടെ കുറഞ്ഞുതുടങ്ങിയേക്കുമെന്ന പ്രതീക്ഷകളാണ് സ്വർണ വിലയെ ഉയർത്തുന്നത്. റീറ്റെയ്ൽ പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്‍റെ ലക്ഷ്യം.

കഴിഞ്ഞ മേയിലെ കണക്കുപ്രകാരം ഇത് 3.3 ശതമാനമാണ്. പണപ്പെരുപ്പം കുറയുകയാണെന്നും പലിശനിരക്ക് കുറയ്ക്കാൻ ഇത് രണ്ടുശതമാനം വരെ താഴാനായി കാത്തിരിക്കില്ലെന്നും കഴിഞ്ഞദിവസം യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയിരുന്നു.

Image Credits: itakefotos4u/Istockphoto.com
Image Credits: itakefotos4u/Istockphoto.com

പലിശ കുറയുന്നത് യുഎസ് സർക്കാരിന്‍റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനെ (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാക്കും. സ്വർണനിക്ഷേപങ്ങൾക്ക് പ്രിയവും കൂടും. കഴിഞ്ഞമാസങ്ങളിൽ 4.5 ശതമാനത്തിന് മുകളിലായിരുന്ന 10-വർഷ ട്രഷറി ബോണ്ട് യീൽഡ് നിലവിൽ 4.291 ശതമാനത്തിലാണുള്ളത്. ഇതോടൊപ്പം ഡോളർ ദുർബലമാകുന്നതും സ്വർണ വിലയെ മുന്നോട്ട് നയിക്കും.

ഇന്ന് രാജ്യാന്തര സ്വർണ വിലയുള്ളത് ഔൺസിന് 7.26 ഡോളർ ഉയർന്ന് 2,380.45 ഡോളറിലാണ്. ഇതാണ് കേരളത്തിലെ വിലയെയും ഇന്ന് സ്വാധീനിച്ചത്.

ഒരു പവൻ ആഭരണത്തിന് ഇന്നത്തെ വില
 

53,840 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം പണക്കൂലി (ഇത് ഓരോ ജുവലറിയിലും ആഭരണത്തിന്‍റെ ഡിസൈനിന് അനുസരിച്ച് വ്യത്യസ്തമായിരിക്കും), മൂന്ന് ശതമാനം ജിഎസ്‍ടി, ഹോൾമാർക്ക് ഫീസ് (45+18% ജിഎസ്‍ടി) എന്നിവയും കൊടുത്താലേ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഇന്നത്തെ നിരക്കനുസരിച്ച്, മിനിമം 5 ശതമാനം പണിക്കൂലി വച്ച് കണക്കാക്കിയാൽ ഒരു പവൻ ആഭരണത്തിന് 58,280 രൂപയെങ്കിലും നൽകണം. ഒരു ഗ്രാം ആഭരണത്തിന് 7,285 രൂപയും.

English Summary:

Gold, silver prices rise in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com