ADVERTISEMENT

കൊച്ചി∙ കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരം കാണാൻ മത്സ്യത്തൊഴിലാളി സംഘടനകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഇരുചേരിയിൽ നിന്നു പോരാടുന്നു.

കടലാമ വലയിൽ കുടുങ്ങുന്നുവെന്നാണ് ഉപരോധത്തിന് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം. അത് അവാസ്തവമാണെന്നും പരിഹാര നടപടികൾ ഫലപ്രദമല്ലെന്നും ആരോപിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ പ്രക്ഷോഭ രംഗത്താണ്. എന്നാൽ, ചെമ്മീൻ പിടിക്കുന്ന ട്രോൾ വലകളിൽ നിന്നു കടലാമകളെ രക്ഷപ്പെടാൻ സഹായിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (ടെഡ്) ഇന്ത്യയിൽ നടപ്പാക്കുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എംപിഇഡിഎ. കടലാമ സൗഹൃദ നടപടിയുടെ ഭാഗമായി ‘ടെഡ്’ സ്ഥാപിക്കുന്നത് യുഎസ് നാഷനൽ ഓഷ്യാനിക് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ സർട്ടിഫിക്കേഷൻ നേടാൻ സഹായകമാകുമെന്നാണു കരുതുന്നത്. ടെഡ് ഘടിപ്പിച്ചാൽ, പിടികൂടുന്ന ചെമ്മീന്റെ 5% നഷ്ടപ്പെടുമെന്ന വിമർശനത്തിനു മറുപടിയായി, ഇന്ധനക്ഷമത കൂടുന്നതും മാലിന്യം ഒഴിവാകുന്നതും നേട്ടങ്ങളായി എംപിഇഡിഎ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ടെഡ് ഉപയോഗം സംബന്ധിച്ച് എംപിഇഡിഎയുടെ നേതൃത്വത്തിൽ ഇന്നു സിഫ്റ്റിൽ ശിൽപശാല നടത്തുന്നുണ്ട്. ഇതേ വേദിയിലേക്കു കേരള ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പശ്ചിമ തീര സംസ്ഥാനങ്ങളിൽ കടലാമ സാന്നിധ്യം കുറവാണെന്നു 2019ൽ സിഎംഎഫ്ആർഐ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ബീച്ചുകളിൽ ചിലയിടങ്ങളിൽ കടലാമയുടെ മുട്ടയിടൽ കാണപ്പെട്ടതു വർഷം 10ൽ താഴെ മാത്രമാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിൽ വിവിധ സർക്കാരുകളും സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയും പരാജയപ്പെട്ടുവെന്നാണു ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആക്ഷേപം. ഇന്ത്യയിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ട്രോളിങ്ങിന്റെ ഭാഗമായി കടലാമയെ പിടികൂടുന്നില്ല. കടലാമകൾ കേന്ദ്രീകരിക്കുന്ന ഒഡീഷയിൽ അവയുടെ പ്രജനന കാലത്ത് ട്രോളിങ് നിരോധിച്ചിട്ടുണ്ട്. കേരളത്തിൽ മത്സ്യോൽപ്പാദനത്തിന്റെ ഒരു ഘട്ടത്തിൽ പോലും കടലാമകൾ വലയിൽ കയറുന്നതായി റിപ്പോർട്ടില്ലെന്നും കോ–ഓർഡിനേഷൻ കമ്മിറ്റി പറയുന്നു.

kasargod-fisherman-fishing

നഷ്ടം 2500 കോടി രൂപ

2019ൽ ആരംഭിച്ച നിരോധനം അമേരിക്ക ഇപ്പോഴും തുടരുമ്പോൾ സമുദ്രോൽപന്ന കയറ്റുമതിയിൽ പ്രതിവർഷം ഏകദേശം 2500 കോടി രൂപയുടെ നഷ്ടം ഇന്ത്യയ്ക്കുണ്ട്. മത്സ്യക്കയറ്റുമതിയിൽ മുഖ്യപങ്കും കടൽച്ചെമ്മീനാണ്. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനും ജപ്പാനും ചൈനയും ഉൾപ്പെടെ രാജ്യങ്ങൾ വിലപേശൽ നടത്തി മൂല്യം ഇടിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച്, ആഭ്യന്തര വിപണിയിലും കാര, നാരൻ, കരിക്കാടി, പൂവാലൻ, കഴന്തൻ ഇനങ്ങളുടെ വില ഇടിയുകയും ചെയ്യുന്നത് മത്സ്യവുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളെയും കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണ്.

English Summary:

Sea turtle conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com