ADVERTISEMENT

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുള്ള ആഭ്യന്തര വിപണിയിലെ സ്വ‍ർണ വിലക്കുതിപ്പിന് സഡൻ ബ്രേക്ക്! ഈ മാസം 17ന് വൻ കയറ്റവുമായി 55,000 രൂപയിലെത്തിയ പവൻ വില ഇന്നുള്ളത് 54,240 രൂപയിൽ. രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ. ജൂലൈ 17ന് പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു.

പവന് ഇന്നുമാത്രം 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപ താഴ്ന്ന് വില 6,780 രൂപയായി. കനംകുറഞ്ഞ (ലൈറ്റ് വെയ്റ്റ്) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വ‍ർണ വിലയും ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,630 രൂപയിലെത്തി. ഒരു രൂപ പിന്നോട്ടിറങ്ങി ഗ്രാമിന് 96 രൂപയിലാണ് വെള്ളി വിലയുള്ളത്. 

എന്തുകൊണ്ട് വില ഇപ്പോൾ കുറയുന്നു?
 

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് ഇപ്പോൾ പ്രധാനമായും സ്വ‍ർണ വിലയെ സ്വാധീനിക്കുന്നത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ പ്രതീക്ഷിച്ചതിലും നേരത്തേ കുറച്ചേക്കുമെന്ന സൂചനകളെ തുടർന്നായിരുന്നു ഈയാഴ്ചയുടെ തുടക്കത്തിൽ സ്വർണ വിലയുടെ കുതിച്ചുകയറ്റം.

Image : iStock/Neha Patil
Image : iStock/Neha Patil

ഔൺസിന് 2,483 ഡോളറെന്ന റെക്കോർഡ് ഉയരം ജൂലൈ 17ന് രാജ്യാന്തര വില തൊട്ടിരുന്നു. ഇപ്പോൾ വില 2,400 ഡോളർ. ഇന്നുമാത്രം 41 ഡോളറിന്‍റെ ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുതിപ്പ് മുതലെടുത്ത് നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളിൽ നിന്ന് ലാഭമെടുത്ത് പിന്മാറുന്നതും ഡോളറിന്‍റെ മുന്നേറ്റവുമാണ് വിലത്തകർച്ചയ്ക്ക് കാരണം. 

യൂറോ, യെൻ തുടങ്ങി ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ ഡോളർ ഇൻഡെക്സ് ഇന്ന് 0.18 ശതമാനം ഉയർന്ന് 104.37 ഡോളറിലെത്തി. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലായതിനാൽ, ഡോളർ കരുത്താർജ്ജിക്കുന്നത് സ്വർണ ഡിമാൻഡിനെ ബാധിക്കും. വിലയും താഴും.

ഇന്നൊരു പവൻ ആഭരണത്തിന് വില
 

ബുധനാഴ്ച നികുതിയും പണിക്കൂലിയുമടക്കം 60,000 രൂപയ്ക്കടുത്തായിരുന്നു കേരളത്തിൽ ഒരു പവൻ ആഭരണത്തിന് വില. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയുള്ള വിലയായിരുന്നു അത്.

Image : iStock/Muralinath
Image : iStock/Muralinath

പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്‍റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും, പണിക്കൂലിയും ചേരുന്നതാണ് സ്വർണാഭരണത്തിന്‍റെ വാങ്ങൽ വില.

നിലവിൽ വില കുറഞ്ഞതോടെ, 5 ശതമാനം പണിക്കൂലി പ്രകാരം കണക്കാക്കിയാൽ 58,715 രൂപ കൊടുത്താൽ ഒരു പവൻ സ്വർണാഭരണം ഇന്ന് വാങ്ങാം. ഒരു ഗ്രാം ആഭരണത്തിന് വാങ്ങൽ വില 7,340 രൂപ.

English Summary:

Gold and silver prices have experienced a sudden decline due to dollar gains and profit-taking by investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com