പാപ്പരത്ത നടപടി: ബൈജൂസിന്റെ ഹർജി ഹൈക്കോടതി തള്ളി
Mail This Article
ബെംഗളൂരു∙ എജ്യുടെക് കമ്പനിയായ ബൈജൂസിന് എതിരെയുള്ള പാപ്പരത്ത നടപടിയെ ചോദ്യം ചെയ്ത് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ നൽകിയ അപ്പീൽ കർണാടക ഹൈക്കോടതി തള്ളി. വേണ്ടിവന്നാൽ അപ്പീൽ പരിഷ്കരിക്കാൻ ബൈജൂസിന് അവസരമുണ്ടാകുമെന്നും ജസ്റ്റിസ് എസ്.ആർ.കൃഷ്ണകുമാർ പറഞ്ഞു.158.90 കോടി രൂപയുടെ സ്പോൺസർഷിപ് തുക കുടിശിക വരുത്തിയതായി ആരോപിച്ച് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) നൽകിയ ഹർജി അംഗീകരിച്ച് ബെംഗളൂരുവിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ 16ന് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബൈജൂസ് ഹൈക്കോടതിയെ സമീപിച്ചത്. ബൈജു രവീന്ദ്രൻ നൽകിയ സമാന അപ്പീൽ ഡൽഹിയിലെ നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) പരിഗണിച്ചതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഇന്നലെ ഹർജി പരിഗണിച്ച അപ്‌ലറ്റ് ട്രൈബ്യൂണൽ ഇന്നും വാദം കേൾക്കും.
കുടിശിക പ്രശ്നം ഒത്തുതീർക്കാനുള്ള ചർച്ച ബൈജൂസുമായി പുരോഗമിക്കുകയാണെന്ന് ബിസിസിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ട്രൈബ്യൂണലിനെ അറിയിച്ചു.