ആദായ നികുതി അടയ്ക്കാതെ ഇന്ത്യ വിടാൻ പറ്റില്ല: നിയമം ഒക്ടോബർ ഒന്ന് മുതൽ
Mail This Article
ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും രാജ്യം വിടുന്നതിന് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന കേന്ദ്ര ബജറ്റിലെ നിർദേശത്തിന് കൂടുതൽ വ്യക്തതയുമായി കേന്ദ്ര സർക്കാർ. ഇതനുസരിച്ച് വിദേശയാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധിത നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടെന്നാണ് പുതിയ അറിയിപ്പ്. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2024-25 ബജറ്റിന് ശേഷമുണ്ടായ ആശങ്കകൾക്ക് മറുപടിയായാണ് ഈ വിശദീകരണം. ഇതനുസരിച്ച് എല്ലാവരും നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടേണ്ടതില്ല പകരം, അത്തരം ക്ലിയറൻസ് ആവശ്യമായി വരുന്ന പ്രത്യേക കേസുകളിൽ മാത്രമേ ഇത് ബാധകമാകൂ. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ട വ്യക്തികളും 10 ലക്ഷം രൂപയിൽ കൂടുതൽ പ്രത്യക്ഷ നികുതി കുടിശ്ശികയുള്ള വ്യക്തികളും ഇതിൽ പെടും.
കള്ളപ്പണ നിയമം
നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബാധ്യതകൾ തീർപ്പാക്കേണ്ട നിയമങ്ങളുടെ പട്ടികയിൽ കള്ളപ്പണ നിയമം, 2015 ഉൾപ്പെടുത്തിയാണ് മാറ്റം. പല കള്ള പണക്കാരും ഇന്ത്യയിൽ നിന്ന് നികുതി വെട്ടിപ്പ് നടത്തി, വിദേശ രാജ്യങ്ങളിൽ ചേക്കേറുന്നത് തുടർക്കഥയാകുന്നതിനാൽ അതിനൊരു തടയിടാനാണ് സർക്കാർ ഒരു നിയമം കൊണ്ടുവരുന്നത്. ഈ സർട്ടിഫിക്കറ്റ് വ്യക്തിക്ക് നികുതി അടയ്ക്കാനില്ലെന്നോ, അഥവാ കുടിശികയുള്ള തുക അടയ്ക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ടെന്നോ സ്ഥിരീകരിക്കുന്നതിനാണെന്ന് സർക്കുലറിൽ പറയുന്നു.
മുൻകാലങ്ങളിൽ കള്ളപ്പണ നിയമപ്രകാരം, വിദേശ ആസ്തിയുടെ മൂല്യം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിദേശത്ത് കൈവശം വച്ചിരിക്കുന്ന ചെറിയ തോതിലുള്ള ആസ്തികൾ റിപ്പോർട്ടുചെയ്യുന്നത് അവഗണിച്ച നികുതിദായകർക്ക് ഈ നയം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. 20 ലക്ഷം രൂപയോ അതിൽ താഴെയോ മൂല്യമുള്ള വിദേശ ആസ്തികൾ വെളിപ്പെടുത്താത്ത നികുതിദായകർക്ക് പിഴ ഇളവ് നൽകാനാണ് കള്ളപ്പണ നിയമത്തിലെ ഭേദഗതികൾ ലക്ഷ്യമിടുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ രവി അഗർവാൾ പറഞ്ഞു.
ബജറ്റിൽ കൊണ്ടുവന്ന നിയമങ്ങളിൽ അടുത്തിടെ വന്ന ഈ മാറ്റം വിദേശ പൗരത്വം നേടുന്നതിന് വേണ്ടി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യൻ വ്യക്തികളെ ബാധിക്കില്ല. ഇന്ത്യൻ ചട്ടങ്ങൾ അനുസരിച്ച്, വിദേശ പൗരത്വം നേടുന്ന വ്യക്തികൾ അവരുടെ ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കണം. അവർ ഇന്ത്യൻ അധികാരികളിൽ നിന്ന് ഒരു 'നിരാകരണ സർട്ടിഫിക്കറ്റ്' നേടണം.
നിരാകരണ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, ആഭ്യന്തര മന്ത്രാലയവും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളും അപേക്ഷകനെക്കുറിച്ച് സമഗ്രമായ പശ്ചാത്തല അന്വേഷണം നടത്തും. പരിഹരിക്കപ്പെടാത്ത ഏതെങ്കിലും നിയമപരമായ കാര്യങ്ങളോ കുടിശികയുള്ള നികുതി ബാധ്യതകളോ ഈ സൂക്ഷ്മപരിശോധനയ്ക്കിടെ പുറത്തുവന്നാൽ ഇന്ത്യയിലെ ഇത്തരം കുടിശികകൾ അടയ്ക്കാതെ കേന്ദ്ര സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കില്ല.
കള്ളപ്പണം തടയൽ ലക്‌ഷ്യം
പുതിയ നിയമം കള്ളപ്പണവും (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും) 2015 ലെ നികുതി നിയമവും വിദേശത്തുള്ള കള്ളപ്പണം തടയാൻ ലക്ഷ്യമിട്ടുള്ളതാണ്.
കൂടാതെ, നികുതി റിട്ടേണിൽ ഏതെങ്കിലും വിദേശ ആസ്തികളെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട താമസക്കാർക്ക് നിയമത്തിന്റെ 43ാം വകുപ്പ് പിഴ ചുമത്തും. ചുരുക്കത്തിൽ പറഞ്ഞാൽ, ഇന്ത്യയിലെ ബാധ്യതകളിൽ നിന്ന് നികുതി അടയ്ക്കാതെ രക്ഷപ്പെടാനുള്ള പഴുതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതാക്കുന്നത്.