ADVERTISEMENT

കൊച്ചി ∙ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള കപ്പൽച്ചാലിന് ആഴം (ഡ്രാഫ്റ്റ്) കൂട്ടാനുള്ള നീക്കങ്ങൾ ഊർജിതമാകുമ്പോൾ വെല്ലുവിളി അതിനു വേണ്ടിവരുന്ന വൻ തുക. ചുരുങ്ങിയത് 800 കോടി രൂപയെങ്കിലും ചെലവിടേണ്ടി വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇത്ര വലിയ തുക ചെലവിടാൻ ടെർമിനലിന്റെ മാതൃസ്ഥാപനമായ കൊച്ചി പോർട്ട് അതോറിറ്റിക്കു കഴിയില്ല.

ചെലവിന്റെ പകുതി തുക നൽകാമെന്നായിരുന്നു കേന്ദ്ര സർക്കാർ നേരത്തെ നിലപാടു സ്വീകരിച്ചത്. എന്നാൽ, 400 കോടി രൂപ ചെലവിടാൻ കഴിയുന്ന സാമ്പത്തിക നിലയിലല്ല, പോർട്ട് അതോറിറ്റി. അതുകൊണ്ടു തന്നെ മുഴുവൻ തുകയും കേന്ദ്ര സർക്കാർ നൽകിയെങ്കിൽ മാത്രമേ പദ്ധതി യാഥാർഥ്യമാകൂ. കേന്ദ്ര സർക്കാരാകട്ടെ, ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പൊന്നും നൽകിയിട്ടില്ലെങ്കിലും അനുകൂല നടപടിയാണു പോർട്ട് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഡ്രാഫ്റ്റ് വർധിപ്പിക്കുന്നതിനെക്കുറിച്ചു വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കൺസൽറ്റൻസിയെ നിയമിക്കാനുള്ള ഒരുക്കത്തിലാണു പോർട്ട് അതോറിറ്റി. റിപ്പോർട്ട് സമർപ്പിക്കാൻ 3 മാസം സമയം നൽകും.

ഇന്ത്യയിലെ ആദ്യ രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലായ വല്ലാർപാടത്തെ ഡ്രാഫ്റ്റ് നിലവിൽ 14.5 മീറ്ററും ബെർത്ത് നീളം 600 മീറ്ററുമാണ്. 15,000 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) മുതൽ 21,000 ടിഇയു വരെ കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പലുകൾക്കു 16 – 18 മീറ്റർ ഡ്രാഫ്റ്റ് ആവശ്യമാണ്. അത്തരം കപ്പലുകളെക്കൂടി ആകർഷിക്കുകയാണു ഡ്രാഫ്റ്റ് 16 മീറ്ററായി വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ. വല്ലാർപാടത്തേക്കു കൂടുതൽ വലിയ മദർ ഷിപ്പുകളെ ആകർഷിക്കുകയും ട്രാൻസ്ഷിപ്മെന്റ് ബിസിനസ് വർധിപ്പിക്കുകയാണു ലക്ഷ്യം. കേരളത്തിലെ വാണിജ്യ സമൂഹത്തിനും അതു നേട്ടമാകും.

English Summary:

Vallarpadam Terminal Seeks Rs 800 Crore for Draft Increase Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com