ADVERTISEMENT

പെരുമ്പാവൂർ ∙റബർകൃഷിയും റബർതോട്ടങ്ങളും കുറയുന്നതുമൂലം കേരളത്തിലെ പ്ലൈവുഡ് നിർമാണ ഫാക്ടറികൾക്ക് വേണ്ടത്ര തടി കിട്ടുന്നില്ല. കേരളത്തിലെ ഫാക്ടറികൾക്കു മാത്രമായി ഒരു വർഷം വേണ്ടത് 6000 കോടി മരങ്ങളാണ്. ഇതിൽ 80% മരങ്ങളാണ് കേരളത്തിൽ നിന്നു ലഭ്യമാകുന്നത്. ബാക്കി കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നോ രാജ്യാന്തര വിപണിയിൽ നിന്നോ കൊണ്ടുവരും.

പ്ലൈവുഡ് കമ്പനികളുടെ പ്രധാന അസംസ്കൃത വസ്തു കേരളത്തിൽ സുലഭമായ റബർ തടികളായിരുന്നു.

 കോട്ടയം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായി റബർ തടി ലഭ്യമാകുന്നത്. ഇതിൽ ഭൂരിഭാഗവും തടിവ്യവസായത്തിന്റെ കേന്ദ്രമായ പെരുമ്പാവൂരിലാണ് എത്തുന്നത്.

റബറിനു പുറമേ, ആഞ്ഞിലി, യൂക്കാലി, പ്ലാവ്, വട്ട, മട്ടി, സിൽവർ ഓക്, മലവേപ്പ് തുടങ്ങിയ മരങ്ങളും ഉപയോഗിക്കുന്നുണ്ട്. 20% മരങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്നോ ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നോ ആണു കൊണ്ടുവരുന്നത്. മലേഷ്യ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു മരം കൊണ്ടു വരാൻ നിയമതടസ്സമുള്ളതിനാൽ പ്ലൈവുഡ് നിർമാണത്തിനുള്ള വിനീർ ആണ് എത്തിക്കുന്നത്.

ആയിരത്തോളം പ്ലൈവുഡ് കമ്പനികൾക്കാണ് വർഷത്തിൽ 6000 കോടി മരങ്ങൾ വേണ്ടത്. കൂടാതെ സോമില്ലുകൾ, ഫർണിച്ചർ യൂണിറ്റുകൾ തുടങ്ങിയ തടി അനുബന്ധ വ്യവസായങ്ങൾക്കും മരം വേണം.

 റബർ തോട്ടങ്ങൾ കുറയുന്നതു മൂലം ഭാവിയിൽ അയൽ സംസ്ഥാനങ്ങളെയും രാജ്യാന്തര വിപണിയെയും കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന് തടി വ്യവസായികളുടെ സംഘടനയായ സോപ്മ പ്രസിഡന്റ് എം.എം.മുജീബ് റഹ്മാൻ പറഞ്ഞു.

റബർ തടി വെട്ടാൻ 25–30 വർഷം വേണം. പുതിയ തോട്ടങ്ങൾ വച്ചു പിടിപ്പിക്കുന്നത് ഇപ്പോൾ കുറവാണ്. ഈ ക്ഷാമം മുന്നിൽ കണ്ട് സോപ്മ വൃക്ഷത്തൈ വിതരണ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. 

ഒരു ടൺ തടിക്ക് 13000 രൂപയാണ് ഇപ്പോഴത്തെ വിപണി വില. 40 ഇഞ്ച് വണ്ണമുള്ള തടി ഒന്നര–രണ്ട് ടൺ  ഉണ്ടാകും. ഒരു തടിയിൽ കർഷകന് 25000–30000 രൂപ ലഭിക്കും. 

ആയിരക്കണക്കിനു പേർക്ക് തൊഴിൽ നൽകുന്ന വ്യവസായം നിലനിന്നു പോകാൻ സ്ഥല ലഭ്യതയും തടി ലഭ്യതയും ഉറപ്പാക്കണമെന്നാണ് ഫാക്ടറികളുടെ ആവശ്യം.

English Summary:

There is a shortage of wood for plywood companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com