ബ്രിട്ടിഷ് ടെലികോമിന്റെ 25% ഓഹരികൾ സ്വന്തമാക്കി ഭാരതി
Mail This Article
ന്യൂഡൽഹി∙ സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസ് ബ്രിട്ടിഷ് ടെലികോമിന്റെ (ബിടി) 24.5% ഓഹരികൾ സ്വന്തമാക്കും.
31,850 കോടി രൂപയുടേതാണ് ഇടപാട്. ഭാരതി ഗ്ലോബലിന്റെ ഭാരതി ടെലിവെഞ്ച്വേഴ്സ് ലിമിറ്റഡാണ് ഇടപാടു പൂർത്തിയാക്കുക. 9.99% ഓഹരികൾ ഉടൻ ഏറ്റെടുക്കും. ബാക്കി 14.5% പിന്നീട്.
ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ബിടി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി ഭാരതി ഗ്ലോബൽ മാറും. യുകെയിലെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ്, മൊബൈൽ സേവനദാതാക്കളാണ് ബിടി ഗ്രൂപ്പ്. ആഗോളതലത്തിലെ സാന്നിധ്യം വിപുലമാക്കാൻ ഏറ്റെടുക്കലോടെ ഭാരതിക്കു കഴിയും.
ഒരു ഇന്ത്യൻ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലുകളിലൊന്നാണിത്.
8.26 ലക്ഷം കോടി രൂപയാണ് നിലവിൽ ഭാരതി എന്റർപ്രൈസസിന്റെ വിപണിമൂല്യം 1.39 ലക്ഷം കോടി രൂപയാണ് ബിടിയുടേത്. 1997ൽ ബിടി ഗ്രൂപ്പ് ഭാരതിയുടെ 21% ഓഹരികൾ സ്വന്തമാക്കിയിരുന്നു.
ടെലികോം, എഐ തുടങ്ങിയ മേഖലകളിൽ സഹകരണം ഇരുരാജ്യങ്ങൾക്കും പ്രയോജനകരമാകും.
ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ
ബ്രിട്ടനിലെ വമ്പൻ കമ്പനികളെ ഏറ്റെടുക്കുന്ന ഇന്ത്യൻ കോർപറേറ്റുകളുടെ പട്ടികയിൽ ഏറ്റവും പുതിയ പേരായി എയർടെൽ എന്റർപ്രൈസസ് മാറുന്നു. ടാറ്റ, മഹീന്ദ്ര, വെൽസ്പൻ, ടിവിഎസ് തുടങ്ങിയ വൻകിട കമ്പനികളാണ് പട്ടികയിൽ മുന്നിലുള്ളത്. ടാറ്റ ടീ ബ്രിട്ടനിലെ ഏറ്റവും ജനകീയ ബ്രാൻഡായ ടെറ്റ്‌ലി ടീയെ ഏറ്റെടുത്തത് 2000ൽ. 271 മില്യൻ പൗണ്ടിന്റേതായിരുന്നു ഇടപാട്. അന്ന് ടെറ്റ്‌ലിയെ അപേക്ഷിച്ച് ടാറ്റ ടീ വളരെ ചെറിയ കമ്പനിയായിരുന്നു. 1995ൽ ആരംഭിച്ച ഏറ്റെടുക്കൽ നടപടി 5 വർഷം നീണ്ടു. ടാറ്റ ടീ എന്ന ബ്രാൻഡിനു കീഴിലേക്ക് ടെറ്റ്‌ലിയെ ചേർത്തപ്പോൾ ഇന്ത്യൻ കോർപറേറ്റ് ലോകത്തു പിറന്നത് പുതുചരിത്രമാണ്. 2006ൽ വെൽപ്സൻ ഇന്ത്യ ലിമിറ്റഡ്, ബ്രിട്ടനിലെ മുൻനിര ടൗവൽ നിർമാതാക്കളായ ക്രിസ്റ്റിയുടെ ഉടമകളായ സിഎച്ച്ടി ഹോൾഡിങ്സിന്റെ 85% ഓഹരികൾ സ്വന്തമാക്കി. 2007ൽ ടാറ്റ സ്റ്റീൽ കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തു.12 ബില്യൻ ഡോളറിനായിരുന്നു ഏറ്റെടുക്കൽ. 2008ൽ ടാറ്റ മോട്ടോഴ്സ് ഫോർഡിന്റെ പക്കൽ നിന്ന് ജാഗ്വാർ ലാൻഡ് ലോവറിനെ ഏറ്റെടുത്തതായി പ്രഖ്യാപനം നടത്തി. 2016ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര യുകെയിലെ ടൂവീലർ നിർമാതാക്കളായ ബിഎസ്എ ബ്രാൻഡിനെ ഏറ്റെടുത്തു. 2020ൽ ടിവിഎസ് യുകെയിലെ ബൈക്ക് നിർമാതാക്കളായ നോർട്ടൻ മോട്ടോർ സൈക്കിൾസിനെയും ഏറ്റെടുത്തു.