മികച്ച വില നൽകുന്നത് മലവേപ്പിനും കാട്ടുവേപ്പിനും
Mail This Article
പെരുമ്പാവൂർ ∙തടിവ്യവസായികളുടെ സംഘടനയായ സോപ്മ ആരംഭിച്ചിരിക്കുന്ന മലവേപ്പ് / കാട്ടുവേപ്പ് തൈകളുടെ വിതരണം കർഷകർക്കു വൻ സാധ്യതയാണു തുറന്നിടുന്നതെന്ന് സംഘടന വ്യക്തമാക്കി.
നിലവിൽ റബർ തടി ടണ്ണിന് 8000–9000 രൂപയ്ക്കാണ് വ്യാപാരികൾ കർഷകരിൽ നിന്നു വാങ്ങുന്നത്. അതേസമയം, മലവേപ്പ്/കാട്ടുവേപ്പ് മരങ്ങൾക്ക് ടണ്ണിന് 13000 രൂപ വരെ കിട്ടും. കേരളത്തിലെ വിപണിയിൽ ഇപ്പോൾ ഇവയുടെ ലഭ്യത കുറവാണ്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവ കൊണ്ടു വരുന്നത്.
ഇതു സുലഭമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് സോപ്മ ആരംഭിച്ചിരിക്കുന്നത്. ഗുണനിലവാരമുള്ള പ്ലൈവുഡ് നിർമിക്കാൻ ഇവ അനിവാര്യമാണ്. 2014 ഡിസംബർ മുതൽ പ്ലൈവുഡുകൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കിയതിനാൽ നിലവാരമുള്ള പ്ലൈവുഡ് നിർമിക്കാൻ അസംസ്കൃത വസ്തുവായി മലവേപ്പ്/കാട്ടുവേപ്പ് പോലുള്ള മരങ്ങൾ ആവശ്യമാണ്.
6–7 വർഷത്തിനുള്ളിൽ വെട്ടാവുന്നതാണ് ഈ മരങ്ങൾ. നിശ്ചിത അകലത്തിൽ തൈകൾ വച്ചു ഇടയിൽ മറ്റു കൃഷികളും ചെയ്യാം എന്നതാണ് മെച്ചം. സോപ്മ സൗജന്യമായാണ് തൈകൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഒരു കോടി തൈകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. വനംവകുപ്പിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്