ദുബായ് ജൈറ്റെക്സിൽ ഫണ്ടിങ്ങുമായി മലയാളി സംരംഭകർ
Mail This Article
കൊച്ചി ∙ ലോകത്തിലെ വമ്പൻ ടെക് എക്സ്പോ ആയ ദുബായ് ജൈറ്റെക്സിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിന്നു തിരഞ്ഞെടുക്കുന്ന 10 സംരംഭകർക്കു ഫണ്ടിങ് ലഭ്യമാക്കാൻ മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ആഗോള സ്റ്റാർട്ടപ് കൂട്ടായ്മ ‘വൺട്രപ്രനർ.’ 10 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയാണു ലഭ്യമാക്കുക. ഫണ്ടിങ് ലഭിക്കാൻ സൗകര്യമൊരുക്കുന്ന ടിവി ഷോ ആയ ‘ഷാർക് ടാങ്ക്’ മാതൃകയാണു വൺട്രപ്രനർ സ്വീകരിക്കുന്നത്. എക്സ്പോയുടെ ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 സംരംഭകർക്ക് ആശയം അവതരിപ്പിക്കാമെന്നു വൺട്രപ്രനർ സ്ഥാപകരിലൊരാളായ ജിമ്മി ജയിംസ് പറഞ്ഞു.
ഗൾഫ് മേഖലയിൽ സ്റ്റാർട്ടപ്പ് തുടങ്ങാനും വ്യാപിപ്പിക്കാനും സഹായിക്കുന്ന കൂട്ടായ്മയിൽ 15 രാജ്യങ്ങളിൽ നിന്ന് 1500 സ്റ്റാർട്ടപ് സ്ഥാപകർ അംഗങ്ങളാണ്. ദുബായ് കേന്ദ്രമായ ജങ്ക്ബോട്ട് റോബട്ടിക്‌സ് സ്റ്റാർട്ടപ്സ്ഥാപകനായ ഇഹ്തിഷാം പുത്തൂർ, പ്ലാന്റ്ഷോപ് സ്റ്റാർട്ടപ് സ്ഥാപകൻ ജിമ്മി ജയിംസ്, സ്റ്റാർട്ടപ് ഇന്ത്യ മെന്റർ സയ്യിദ് സവാദ് എന്നീ മലയാളി യുവ സംരംഭകരാണു വൺട്രപ്രനർ കൂട്ടായ്മക്കു പിന്നിൽ.