ADVERTISEMENT

കൊച്ചി∙ കടലാമയിൽ ഒതുങ്ങുന്നില്ല, കടൽ സസ്തനികളും ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതിക്കു ‘പാര’യായേക്കും.

2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്‌ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. അതിനു മുൻപ് ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്കു ഭീഷണിയാകില്ലെന്നു സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ‘ചെമ്മീൻ കെണി’യെക്കാൾ വലിയ തിരിച്ചടിയാകും സമുദ്രോൽപന്ന കയറ്റുമതി മേഖല നേരിടുക.

സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) ശുപാർശയെ തുടർന്ന്, ഇന്ത്യൻ കടലുകളിൽ തിമിംഗലമുൾപ്പെടെ കടൽ സസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്താനുമുള്ള സർവേ ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും സിഎംഎഫ്ആർഐയും നടത്തിവരികയാണ്. 5 വർഷമായി കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസിന്റെ ഉപരോധം നിലവിലുണ്ടെങ്കിലും ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ കയറ്റി അയയ്ക്കുന്നുണ്ട്.

കടലാമയുടെ സംരക്ഷണ വിഷയം ചെമ്മീൻ കയറ്റുമതിയെ മാത്രമാണു ബാധിച്ചത്. എന്നാൽ കടൽ സസ്തനികളുടെ സംരക്ഷണ പ്രശ്നം സമുദ്രോൽപന്ന കയറ്റുമതി മേഖലയ്ക്കാകെ കടമ്പയാകും. സമുദ്ര ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ കടൽ സസ്തനികളുടെ വംശ സംഖ്യ, മത്സ്യബന്ധനത്തിൽ ബൈ ക്യാച്ച് ആയി പിടിക്കപ്പെടുന്നുണ്ടോ എന്നെല്ലാമുളള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംരക്ഷണ നടപടികൾ ഉറപ്പാക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്.

ഇന്ത്യയിൽ 32 ഇനം കടൽ സസ്തനികൾ

ഇന്ത്യയിലെ കടലുകളിൽ 32 ഇനം കടൽ സസ്തനികളെ സിഎംഎഫ്ആർഐ രേഖപ്പെടുത്തി. ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 23 ഇനം കടൽ സസ്തനികളുടെ സ്റ്റോക്ക് അസസ്മെന്റ് നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ സമുദ്ര എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ 19,330 സസ്തനികളെ കണ്ടെത്തിയെന്നാണ് ഇടക്കാല റിപ്പോർട്ട്. 15 ഇനങ്ങളിൽപ്പെട്ട 18,697 ഡോൾഫിനുകൾ, 6 ഇനങ്ങളിൽപ്പെട്ട 33 തിമിംഗലങ്ങൾ, ഏതാനും എണ്ണം കടൽപശു, ഫിൻലെസ് പോർപോയിസ് എന്നിവയെയാണു കണ്ടെത്തിയത്. ഇന്ത്യയിലെ കടലുകളിൽ കാണുന്ന എല്ലായിനം കടൽ സസ്തനികളും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിൽപ്പെട്ടതാണ്.

English Summary:

Seafood export to the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com