യൂസർ നെയിം മതി, നമ്പറില്ലെങ്കിലും വാട്സാപ്പിൽ മെസേജ് അയയ്ക്കാം
Mail This Article
ന്യൂഡൽഹി ∙ ഫോൺ നമ്പറില്ലെങ്കിലും ഇനി വാട്സാപ് മെസേജുകളയയ്ക്കാം. യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് ഉപയോക്താക്കൾക്ക് പരസ്പരം മെസേജുകളയയ്ക്കാനുള്ള അപ്ഡേറ്റുമായി മെറ്റ. ഇതോടെ വാട്സാപ് നമ്പറിനു പകരം യൂസർ നെയിമുകൾ പരസ്പരം കൈമാറിയാൽ മതിയാകും. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരം. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ അപ്ഡേറ്റ് എല്ലാ വാട്സാപ്പിലും ലഭ്യമാകും. നിലവിൽ ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.18.2ൽ ഫീച്ചർ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ 3 തരത്തിൽ വാട്സാപ് ഉപയോഗിക്കാനാവും. 1– നിലവിലുള്ള പോലെതന്നെ ഫോൺ നമ്പർ ഉപയോഗിച്ച് വാട്സാപ് തുടർന്നും ഉപയോഗിക്കാം. മറ്റുള്ളവർക്ക് നിങ്ങളെ ബന്ധപ്പെടണമെങ്കിൽ വാട്സാപ് നമ്പർ വേണം. 2– യൂസർ നെയിം; ഫോൺനമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്ത അക്കൗണ്ടുകളിൽ പുതിയ യൂസർ നെയിം ഉണ്ടാക്കാം. പിന്നീട് ഫോൺ നമ്പർ മറച്ചുവയ്ക്കാം. യൂസർ നെയിം ഉപയോഗിച്ച് മറ്റുള്ളവർക്ക് നിങ്ങളുമായി ബന്ധപ്പെടാം. പൊതു ആവശ്യങ്ങൾക്കായുള്ള വാട്സാപ് അക്കൗണ്ടുകൾക്കും ബിസിനസ് അക്കൗണ്ടുകൾക്കും ഇത് സഹായകരമാകും. 3– യൂസർ നെയിമും പിൻനമ്പറും; യൂസർ നെയിമിനൊപ്പം നാലക്ക പിൻനമ്പറും നൽകിയാൽ മാത്രമേ മറ്റുള്ളവർക്ക് നിങ്ങളുടെ വാട്സാപ്പിലേക്ക് മെസേജ് അയയ്ക്കാൻ സാധിക്കൂ. മുൻപ് ഫോൺനമ്പർ കൈമാറിയിരുന്നതുപോലെ ഇനി നാലക്ക പിൻനമ്പർ കൊടുത്താൽ മതി. ഫീച്ചർ ആവശ്യമുണ്ടെങ്കിൽ മാത്രം ഓൺ ആക്കിയാൽ മതിയാകും.