എൻവിഡിയ 7% വീണു; ഗിഫ്റ്റ് നിഫ്റ്റിയും നെഗറ്റീവ്, ഓഹരി വിപണിക്ക് ആശങ്ക
Mail This Article
വരുമാനത്തിൽ 122% മുന്നേറ്റം. ലാഭത്തിലെ വർധന ഇരട്ടിയിലധികം. 5,000 കോടി ഡോളറിന്റെ (4.2 ലക്ഷം കോടി രൂപ) ഓഹരി തിരിച്ചുവാങ്ങൽ (ബൈബാക്ക്) പ്രഖ്യാപനം. എന്നിട്ടും ലോകത്തെ ഏറ്റവും 'ചൂടൻ' ഓഹരിയും ചിപ്പ് നിർമാതാക്കളുമായ എൻവിഡിയയുടെ ഓഹരി വില ഇന്നലെ 7% കൂപ്പുകുത്തി.
എൻവിഡിയ ഓഹരി പടർത്തിവിട്ട നിരാശ, യുഎസ് ഓഹരി വിപണികളെയും അപ്പാടെ തളർത്തിയതോടെ ഇന്ത്യയുടെ ഗിഫ്റ്റ് നിഫ്റ്റിയും നെഗറ്റീവ് ട്രാക്കിലായി. ഇന്ന് ഇന്ത്യൻ ഓഹരി വിപണികളായ നിഫ്റ്റിക്കും സെൻസെക്സിനും ഇത് സമ്മർദ്ദമാകുമെന്നാണ് വിലയിരുത്തലുകൾ. ഇന്നലെ 200ലധികം പോയിന്റ് ഉയർന്ന് 25,129 എന്ന പുത്തൻ ഉയരം നിഫ്റ്റി50 തൊട്ടിറങ്ങിയിരുന്നു. ഒരുവേള സെൻസെക്സ് 82,000 പോയിന്റും ഭേദിച്ചിരുന്നു.
ഇന്ന് നിരാശയോടെ തുടക്കം?
ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റി 58.5 പോയിന്റ് താഴേക്ക് പോയിരുന്നു. ഇന്ന് സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കാമെന്നതിന്റെ സൂചനയാണിത്. ഇന്ത്യൻ ഓഹരികളിലെ സമ്മർദ്ദത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് 2.33% ഉയർന്ന് 13.95ൽ എത്തിയതും ഇതു ഏറെക്കുറെ ശരിവയ്ക്കുന്നുണ്ട്.
എൻവിഡിയ തൊടുത്തുവിട്ട നിരാശ
എൻവിഡിയ ഓഹരി 7% വീണതോടെ യുഎസ് ഓഹരി വിപണികളിലാതെ വിൽപനസമ്മർദ്ദം കനത്തു. ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് 1.12% ഇടിഞ്ഞു. ഇന്നലെ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് ഇത് സമ്മർദ്ദമായേക്കാം. എസ് ആൻഡ് പി 500 സൂചിക 0.60 ശതമാനവും ഡൗ ജോൺസ് 0.39 ശതമാനവും നഷ്ടത്തിലായി.
അമേരിക്കയിൽ നിന്ന് ആഞ്ഞുവീശിയ നെഗറ്റീവ് ട്രെൻഡ് ഏഷ്യയിലെ മുൻനിര ഓഹരി വിപണികളെയും വീഴ്ത്തി. ജാപ്പനീസ് വിപണി 0.2%, ഹോങ്കോങ് 0.4%, ഓസ്ട്രേലിയ 0.3% എന്നിങ്ങനെ നഷ്ടത്തിലാണുള്ളത്.
4 ലക്ഷം കോടി രൂപയുടെ ബൈബാക്ക്
ലോകത്ത് നിക്ഷേപകലോകത്തിനിടയിൽ ഏറ്റവും താൽപര്യമുള്ളതും ശ്രദ്ധിക്കപ്പെടുന്നതുമായ ഓഹരിയാണ് എൻവിഡിയ. ലോകമാകെ നിർമിത ബുദ്ധി (എഐ) തരംഗം ആഞ്ഞുവീശുന്നതിന്റെ പ്രയോജനം ഏറ്റവുമധികം നേടുന്നതും എൻവിഡിയയാണ്. 2024ൽ ഇതുവരെ എൻവിഡിയ ഓഹരികൾ മുന്നേറിയത് 150 ശതമാനം. 2023ൽ 240% കുതിച്ചിരുന്നു. വിപണിമൂല്യം അടുത്തിടെ 3 ലക്ഷം കോടി ഡോളർ (252 ലക്ഷം കോടി രൂപ) ഭേദിച്ചിരുന്നു. ഐഫോൺ നിർമാതാക്കളായ ആപ്പിൾ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയുമാണ് എൻവിഡിയ.
ജൂൺപാദത്തിൽ വരുമാനം 122% ഉയർന്ന് 3,004 കോടി ഡോളറായെന്ന് കമ്പനി വ്യക്തമാക്കി. നെറ്റ് ഇൻകം അഥവാ ലാഭം 618 കോടി ഡോളറിൽ നിന്ന് 1,660 കോടി ഡോളറായി. പ്രതി ഓഹരി വരുമാനം അഥവാ ഏണിങ്സ് പെർ ഷെയർ ഓഹരിക്ക് 25 സെന്റ്സ് എന്നതിൽ നിന്ന് കുതിച്ച് 67 സെന്റ്സായി. തുടർച്ചയായ നാലാംപാദത്തിലാണ് കമ്പനി 100 ശതമാനത്തിലധികം വരുമാന വളർച്ച നേടുന്നത്.
5,000 കോടി ഡോളറിന്റെ ഓഹരി ബൈബാക്കും കമ്പനി പ്രഖ്യാപിച്ചു. നടപ്പുവർഷം ഇതുവരെ 1,540 കോടി ഡോളറാണ് ബൈബാക്കിലൂടെയും ലാഭവിഹിതമായും നിക്ഷേപകർക്ക് എൻവിഡിയ നൽകിയത്. ഇതിന് പുറമേയാണ് പുതിയ ബൈബാക്ക് തീരുമാനം. എന്നിട്ടും ഓഹരി എന്തുകൊണ്ട് വീണു? കാരണം, കഴിഞ്ഞ മൂന്ന് പാദങ്ങളിലും വരുമാന വളർച്ച 200 ശതമാനത്തിലധികമായിരുന്നു. ജൂൺപാദത്തിൽ ഇത് 122 ശതമാനത്തിലേക്ക് താഴ്ന്നു. ഏണിങ്സ് പെർ ഷെയർ ഉയർന്നെങ്കിലും നിക്ഷേപകരെ തൃപ്തിപ്പെടുത്തിയില്ല. കമ്പനി മുന്നോട്ടുവയ്ക്കുന്ന വളർച്ചാപ്രതീക്ഷയും നിക്ഷേപകരെ ആകർഷിച്ചില്ല. അതോടെ ഓഹരി വീഴുകയായിരുന്നു.
ഇന്ത്യൻ വിപണിയിൽ ഇന്ന്
എൻവിഡിയയും രാജ്യാന്തര ഓഹരി വിപണികളും കാഴ്ചവച്ച നെഗറ്റീവ് ട്രെൻഡ് ഇന്ത്യൻ ഐടി ഓഹരികളെ ഇന്ന് സമ്മർദ്ദത്തിലാക്കിയേക്കാം. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വാർഷിക പൊതുയോഗമാണ് ഇന്ന് ഏവരും ഉറ്റുനോക്കുന്ന മുഖ്യ സംഭവം. ജിയോ, റീറ്റെയ്ൽ വിഭാഗങ്ങളുടെ ഐപിഒ ഉൾപ്പെടെ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ ചെയർമാൻ മുകേഷ് അംബാനിയിൽ നിന്ന് പ്രതീക്ഷിക്കുന്നു. റിലയൻസ് ഓഹരികളുടെ ദിശയെ ഇത് സ്വാധീനിക്കുമെന്നുറപ്പ്.
ഇൻഡിഗോ, വേദാന്ത, പോളിസിബസാർ (പിബി ഫിൻടെക്), ടാറ്റാ സ്റ്റീൽ, കെഇസി ഇന്റർനാഷണൽ ഓഹരികളിലും ഇന്ന് വലിയ ചലനം പ്രതീക്ഷിക്കാം. ഊർജ വിതരണത്തിന് യുഎഇയിൽ നിന്ന് 1,171 കോടി രൂപയുടെ കരാർ കെഇസി നേടിയിട്ടുണ്ട്. നിക്ഷേപകർക്ക് വീണ്ടും ലാഭവിഹിതം നൽകാനൊരുങ്ങുകയാണ് വേദാന്ത. സെപ്റ്റംബർ രണ്ടിനാണ് തീരുമാനമുണ്ടാകുക.
ടി സ്റ്റീൽ ഹോൾഡിങ്സിന്റെ 178 കോടി ഓഹരികൾ ടാറ്റാ സ്റ്റീൽ 2,348 കോടി രൂപയ്ക്ക് വാങ്ങിയിട്ടുണ്ട്. പിബി ഫിൻടെക്കിലെ 2.1% ഓഹരികൾ ചൈനീസ് ടെക് കമ്പനിയായ ടെൻസെന്റ് ബ്ലോക്ക് ഡീലിലൂടെ വിറ്റേക്കും; 1,610 കോടി രൂപയുേടതാകും വിൽപന. ഇൻഡിഗോ സഹസ്ഥാപകൻ രാജേഷ് ഗാങ്വാൾ 7,000 കോടി രൂപയുടെ ഓഹരി ബ്ലോക്ക് ഡീലൂലൂടെ വിറ്റഴിച്ചേക്കുമെന്നും സൂചനകളുണ്ട്.
കേരള കമ്പനികളുടെ പ്രകടനം
മികച്ച ജൂൺപാദ പ്രവർത്തനഫലത്തിന്റെ കരുത്തിൽ കിങ്സ് ഇൻഫ്ര ഓഹരി ഇന്നലെ 10 ശതമാനത്തിലധികം മുന്നേറി. പ്രൈമ അഗ്രോ, ജിയോജിത് എന്നിവയായിരുന്നു നേട്ടത്തിൽ തൊട്ടുപിന്നിൽ. ടിസിഎം, ആഡ്ടെക്, കെഎസ്ഇ എന്നിവയായിരുന്നു 5% വരെ താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. നിക്ഷേപക സ്ഥാപനങ്ങളുമായി സംവദിക്കുമെന്ന തീരുമാനം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ച സിഎസ്ബി ബാങ്ക്, മണപ്പുറം ഫിനാൻസ്, വണ്ടർല ഓഹരികളിൽ ഇന്ന് ചലനം പ്രതീക്ഷിക്കാം.
( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)