നല്ല ഇനം വിത്തുകളില്ല, കണി കാണാന് ഇല്ലാതാകുമോ കാനി?
Mail This Article
മൂവാറ്റുപുഴ∙ 9 ലക്ഷം പൈനാപ്പിൾ വിത്ത് ആവശ്യപ്പെട്ട് തെലങ്കാന സർക്കാർ വാഴക്കുളത്തെ കർഷകരെ സമീപിച്ചതോടെ കാനി ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. തെലങ്കാനയിൽ പൈനാപ്പിൾ കൃഷി വിപുലീകരണത്തിന്റെ ഭാഗമായാണു 9 ലക്ഷം വിത്ത് ആവശ്യപ്പെട്ട് തെലങ്കാന സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 4 വർഷം മുൻപാണു തെലങ്കാനയിൽ പൈനാപ്പിൾ കൃഷി വിപുലമായ തോതിൽ ആരംഭിച്ചത്. വാഴക്കുളത്തു നിന്നാണ് കാനി കൊണ്ടു പോയത്. തുടർന്ന് രണ്ടാം വർഷവും കാനി ഇവിടെ നിന്നു കൊണ്ടുപോയിരുന്നു. കഴിഞ്ഞ സീസണിൽ പൈനാപ്പിളിന് നല്ല വില ലഭിച്ചതിനു പിന്നാലെ കൃഷി കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തെലങ്കാന വാഴക്കുളത്തെ കർഷകരിൽ നിന്നും ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
നിലവിൽ കാനി ക്ഷാമം രൂക്ഷമായതിനാൽ പൈനാപ്പിൾ തോട്ടങ്ങളിൽ പുതിയ കൃഷി ആരംഭിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നതിനിടെയാണു ടെൻഡർ. കഴിഞ്ഞ വർഷം 5 രൂപ മുതൽ 7 രൂപ വരെ വിലയ്ക്കു ലഭിച്ചിരുന്ന വിത്തുകൾക്ക് ഇപ്പോൾ 15 രൂപ വരെ വില ഉയർന്നിട്ടുണ്ട്. എന്നിട്ടും ആവശ്യത്തിനു നല്ല ഇനം വിത്തുകൾ ഒരിടത്തും കിട്ടുന്നുമില്ല. പൈനാപ്പിൾ ചെടിയിൽ നിന്നു പൊട്ടിമുളയ്ക്കുന്ന ചെറിയ ചെടികളാണു പൈനാപ്പിൾ വിത്തായി ഉപയോഗിക്കുന്നത്
പൈനാപ്പിൾ വില ഈ സീസണിൽ റെക്കോർഡിൽ എത്തിയിരുന്നു. സമീപ സംസ്ഥാനങ്ങളിലേക്കും പൈനാപ്പിൾ കൃഷി വ്യാപിച്ചിട്ടുണ്ട്. ഇതോടെ പുതിയ കൃഷി തുടങ്ങാൻ തോട്ടങ്ങൾ ഒരുക്കിയ കർഷകരാണ് വിത്തു കിട്ടാനില്ലാതെ വലയുന്നത്.
കടുത്ത ചൂടിൽ പൈനാപ്പിൾ ചെടികളിൽ നിന്നു വിത്തു പൊട്ടാതെ വന്നതോടെയാണു നല്ലയിനം കാനികൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. വലിയ വില കൊടുത്ത് ഗുണമേന്മയില്ലാത്ത വിത്ത് ഉപയോഗിച്ചു കൃഷി ആരംഭിച്ചാൽ ഉയർന്ന ഗ്രേഡുള്ള പൈനാപ്പിൾ ലഭിക്കാതെ വരുമെന്നു കർഷകർ മുന്നറിയിപ്പു നൽകുന്നുണ്ട്.