സെബി മേധാവി പുറത്തേക്കോ? രാജി ആവശ്യപ്പെട്ട് ജീവനക്കാരുടെ പ്രതിഷേധം
Mail This Article
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഒരു കൂട്ടം ജീവനക്കാർ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിൻ്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കുറച്ചു ദിവസമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയാണ് ഈ പ്രതിഷേധം. ജീവനക്കാർ നേരെത്തെ മാധബി പുരി ബുച്ചിനെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം ധനമന്ത്രാലയത്തിന് അയച്ച കത്തിൽ, സെബിയിലെ 'വലിയ ജോലി സമ്മർദ്ദം' ഉണ്ടാകുന്നതിനു കാരണം സെബി മേധാവിയുടെ 'പ്രവർത്തികളാണ്' എന്ന് ആരോപിച്ചിരുന്നു.
എന്നാൽ ഇതിനുത്തരമായി ജീവനക്കാരെ 'ബാഹ്യ ശക്തികൾ' വഴിതെറ്റിക്കുന്നു എന്ന സെബി മേധാവിയുടെ വാദമാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണം. മാധബി പുരി ബുച്ചിനെതിരെ ഹിൻഡൻബെർഗ് ആരോപണമുന്നയിച്ചതിന് ശേഷമാണ് സെബി ജീവനക്കാരും ധൈര്യപൂർവം അവർക്കെതിരെ മുന്നോട്ടു വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. രാജി ആവശ്യപ്പെട്ടുള്ള സെബി ജീവനക്കാരുടെ പ്രതിഷേധങ്ങൾ മാധബി പുരി ബുച്ചിൻ്റെ കരിയറിൽ കരിനിഴൽ വീഴ്ത്താൻ സാധ്യതയുണ്ട്.