ADVERTISEMENT

തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷൻ വഴി മൊത്തവ്യാപാര വിലയ്ക്കു ലക്ഷദ്വീപിലേക്കു മദ്യം അയയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയായെങ്കിലും സാങ്കേതിക തടസ്സങ്ങൾ ബാക്കി. ഏതു നിരക്കിൽ നൽകണമെന്നതും ‘കയറ്റുമതി’ എന്ന ഗണത്തിൽ വരുമോയെന്നതും അടക്കമുള്ളവ കൂടി പരിശോധിക്കേണ്ടിവരും. ബവ്കോ ഔട്‌ലെറ്റുകൾക്കും ബാറുകൾക്കും വെയർഹൗസുകളിൽനിന്നു മദ്യം നൽകുന്നത് എക്സൈസ് ഡ്യൂട്ടിയും വിൽപന നികുതിയുമെല്ലാം ഈടാക്കിയാണ്. കയറ്റുമതിയാണെങ്കിൽ എക്സ്പോർട്ട് ഫീ കൂടി വാങ്ങേണ്ടിവരും. സംസ്ഥാനത്തിനു പുറത്തേക്കു മദ്യം അയയ്ക്കുന്നതിന് അബ്കാരി നിയമത്തിൽ ‘കയറ്റുമതി’ എന്ന നിർവചനമാണുള്ളത്. എന്നാൽ കേരളത്തിൽനിന്നു ഡിസ്റ്റിലറികൾ അല്ലാതെ, ബവ്കോ മദ്യം കയറ്റുമതി ചെയ്തിട്ടില്ല. ഈ തടസ്സവും നിലനിൽക്കുന്നു.

ലക്ഷദ്വീപിൽ വിദേശികൾക്കു പ്രവേശനമുള്ള ബങ്കാരം ദ്വീപിലും കവരത്തിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗെസ്റ്റ് ഹൗസിലും വിനോദസഞ്ചാരികൾക്കും പുറത്തുനിന്നെത്തുന്ന അതിഥികൾക്കും മദ്യം നൽകാറുണ്ട്. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹനത്തിനു പ്രവർത്തിക്കുന്ന ‘സ്പോർട്സ്’ എന്ന സർക്കാർ ഏജൻസിയാണു മദ്യം എത്തിക്കുന്നത്. കുറഞ്ഞ അളവിൽ കൊണ്ടുപോകുന്ന മദ്യം വലിയ വിലയ്ക്കാണ് വിൽക്കുന്നത്. ഇതു മുതലാക്കി, ലക്ഷദ്വീപിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്നതും വർധിക്കുന്നു. ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ബങ്കാരത്ത് ആവശ്യാനുസരണം മദ്യം എത്തിക്കാനുമാണു സ്പോർട്സ് ഏജൻസി കേരളത്തിലെ എക്സൈസിനു 2019ൽ അപേക്ഷ നൽകിയത്. കൊച്ചിയിലെ ബവ്കോ വെയർ ഹൗസിൽനിന്നു മൊത്തവ്യാപാര വിലയ്ക്കു മദ്യം നൽകി കൊച്ചി വഴിയോ ബേപ്പൂർ വഴിയോ കപ്പൽ മാർഗം അയയ്ക്കണമെന്നായിരുന്നു അപേക്ഷ. എക്സൈസ് കമ്മിഷണർ അനുകൂല റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് നികുതി വകുപ്പ് ഉത്തരവിറക്കി. എന്നാൽ, ബവ്കോ മദ്യം കയറ്റുമതി ചെയ്യുന്നതിനു നിലവിൽ നിയമമോ ചട്ടമോ ഇല്ലാത്തതിനാൽ ഒറ്റത്തവണ അനുമതിയാണു നൽകിയത്. ഓഡിറ്റിൽ പ്രശ്നമുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം. സർക്കാർ അനുമതി നൽകിയതിനാൽ മദ്യം നൽകാതിരിക്കാൻ കഴിയില്ല. എന്നാൽ സമയമെടുക്കും. തുടർച്ചയായി നൽകണമെങ്കിൽ ഓരോ തവണയും ഉത്തരവിറക്കുകയോ ചട്ടത്തിൽ മാറ്റം വരുത്തുകയോ വേണ്ടിവരും.

English Summary:

Technical barriers must be removed in liquor export to Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com