ഭാരവാഹനങ്ങളിൽ അണ്ടർ റൈഡ് പ്രൊട്ടക്‌ഷൻ സംവിധാനം നിർബന്ധമാക്കും
Mail This Article
കോട്ടയം ∙ വലിയ ഭാരവാഹനങ്ങൾ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ ചെറിയ വാഹനങ്ങൾ വലിയ വാഹനങ്ങളുടെ അടിയിലേക്കു കയറിപ്പോയി അപകടം സംഭവിക്കാതിരിക്കാൻ ഭാരവാഹനങ്ങളിലും ട്രെയ്‌ലറുകളിലും ആർയുപിഡി (റിയർ അണ്ടർ റൈഡ് പ്രൊട്ടക്‌ഷൻ ഡിവൈസ്), എൽയുപിഡി (ലാറ്ററൽ അണ്ടർ റൺ പ്രൊട്ടക്‌ഷൻ ഡിവൈസ്) എന്നിവ നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം. ഇക്കാര്യത്തിൽ വീഴ്ച അനുവദിക്കരുതെന്നും നിർദേശമുണ്ട്.
ഇതെത്തുടർന്നു കേരളത്തിൽ നിന്നുള്ള ഇത്തരം വാഹനങ്ങൾക്കു ഫിറ്റ്നസ് പരിശോധനയ്ക്ക് ആർയുപിഡിയും എൽയുപിഡിയും ഘടിപ്പിക്കുന്നതു നിർബന്ധമാക്കി സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. 2022ൽ രാജ്യത്തും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4.61 ലക്ഷം വാഹനാപകടങ്ങൾ സംഭവിച്ചതിൽ വലിയൊരു ശതമാനം അപകടങ്ങൾക്കും കാരണം ഭാരവാഹനങ്ങളിലും ട്രെയിലറുകളിലും ആർയുപിഡിയും എൽയുപിഡിയും ഘടിപ്പിക്കാത്തതിനെ തുടർന്നാണെന്നു കേന്ദ്ര മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.
ചെറിയ വാഹനങ്ങൾ വലിയ വാഹനങ്ങളുടെ അടിയിലേക്ക് കയറാതെ തടയുന്ന സംവിധാനമാണ് ഇത്.
ആർയുപിഡി വാഹനത്തിന്റെ പിറകിലും എൽയുപിഡി വാഹനത്തിന്റെ വശങ്ങളിലും ഘടിപ്പിക്കണം എന്നാണ് നിയമം.
2019 മുതൽ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും സംസ്ഥാനങ്ങൾ ഇതു നടപ്പാക്കിയിരുന്നില്ല.
3.5 ടൺ മുതൽ ഭാരം കയറ്റുന്ന ചരക്കുവാഹനങ്ങളും ട്രെയ്‌ലറുകളും ഇതു ഘടിപ്പിക്കാതെ നിരത്തിലിറങ്ങിയാൽ മോട്ടർ വാഹന വകുപ്പ് പിടികൂടും.