കോളജ് പഠനം മതിയാക്കി ശതകോടീശ്വരന്മാരായ നാല് പേര്, അവരുടെ വിജയത്തിന് സൂത്രവാക്യമുണ്ടോ?
Mail This Article
എന്താണ് വിജയിക്കുന്ന സംരംഭത്തിന്റെ സൂത്രവാക്യം? അങ്ങനെ നിയതമായൊരു സൂത്രവാക്യമുണ്ടോ...ഇല്ലെന്ന് പറയാം. ശതകോടീശ്വരന്മാരായി മാറിയ സംരംഭകരുടെ ജീവിതകഥ പരിശോധിച്ചു നോക്കൂ...ചിലര്‍ അതിഗംഭീരമായി ഉന്നതവിദ്യാഭ്യാസം നേടിയവരായിരിക്കും...ചിലര്‍ സ്‌കൂളിലും കോളജിലും വച്ച് പഠനം പാതിവഴിയിലുപേക്ഷിച്ച് സംരംഭകത്വമെന്ന സാഹസത്തിലേക്ക് ഇറങ്ങിത്തിരിച്ചവരാകും.
ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ട നാല് സംരംഭകരെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇവര്‍ കോളജ് പഠനം പാതിവഴിയില്‍ നിര്‍ത്തി തങ്ങളുടെ ബിസിനസ് മോഹങ്ങള്‍ പിന്തുടരാന്‍ ഇറങ്ങിത്തിരിച്ചവരാണ്. ചിലര്‍ കുടുംബ ബിസിനസിലേക്കാണ് ഇറങ്ങിയതെങ്കില്‍ മറ്റ് ചിലര്‍ ഒന്നുമില്ലായ്മയില്‍ നിന്നാണ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.
1. മുകേഷ് അംബാനി
ഒന്നാമന്‍ മുകേഷ് അംബാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അധിപനായ മുകേഷ് അംബാനി ഫോബ്‌സിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്. 11.8 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള അംബാനി വിഖ്യാതമായ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ എംബിഎ പഠനം ഉപേക്ഷിച്ചാണ് കുടുംബ ബിസിനസില്‍ ചേരാനെത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വൈവിധ്യം നിറഞ്ഞ വളര്‍ച്ചയ്ക്ക് കാരണമായ തീരുമാനമായിരുന്നു അത്.
2. ഗൗതം അദാനി
അദാനി ഗ്രൂപ്പിന്റെ അമരക്കാരനാണ് ഗൗതം അദാനി. ഫോബ്‌സ് പട്ടിക അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ രണ്ടാമനും ഹുറണ്‍ പട്ടിക അനുസരിച്ച് ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനുമാണ് ഗൗതം അദാനി. ഫോബ്‌സിന്റെ കണക്കനുസരിച്ച് 8.12 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി, ഹുറണ്‍ പട്ടിക അനുസരിച്ച് 11.6 ലക്ഷം കോടി രൂപയും. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ചാണ് സംരംഭകത്വമോഹങ്ങള്‍ എത്തിപ്പിടിക്കാന്‍ മുംബൈയിലേക്ക് അദാനി ട്രെയിന്‍ കയറിയത്.
3. അസിം പ്രേംജി
വെറുമൊരു കുക്കിങ് ഓയില്‍ കമ്പനിയായിരുന്നു പണ്ട് വിപ്രോ. എന്നാല്‍ അതിനെ ഒരു ഐടി ഭീമനായും എഫ്എംസിജി ഉള്‍പ്പടെ നിരവധി മറ്റ് ബിസിനസുകളിലെ കെങ്കേമനായും വളര്‍ത്തിയത് അസിം പ്രേംജിയെന്ന സംരംഭകനാണ്. 21ാം വയസില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം ഉപേക്ഷിച്ചാണ് അന്ന് വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്റ്റ്‌സ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന വിപ്രോയില്‍ ചേരാന്‍ പ്രേംജി എത്തിയത്. പിന്നീടുള്ള വളര്‍ച്ച ചരിത്രമാണ്. നിലവില്‍ ഹുറണ്‍ സമ്പന്ന പട്ടിക പ്രകാരം 190,700 കോടി രൂപയാണ് പ്രേംജിയുടെ ആസ്തി.
4. സുഭാഷ് ചന്ദ്ര
ഇന്ത്യയുടെ മാധ്യമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖനാണ് സുഭാഷ് ചന്ദ്ര. പത്താം ക്ലാസിന് ശേഷം കുടുംബത്തെ പരിപാലിക്കാന്‍ പഠനം നിര്‍ത്തി ചെറുകിട ബിസിനസിലേക്കിറങ്ങിയതാണ് അദ്ദേഹം. പിന്നീട് സീ എന്ന വമ്പന്‍ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് എത്തി ആ വളര്‍ച്ച. മാധ്യമ, വിനോദ മേഖലകള്‍ കൂടാതെ വ്യത്യസ്തമായ നിരവധി ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്.