അവകാശ ഓഹരികളിറക്കി 200 കോടി സമാഹരിക്കാൻ ജിയോജിത്; ഓഹരി വിലയിൽ ഇടിവ്
Mail This Article
പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ (Geojit Financial Services) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 7 ശതമാനത്തിലധികം ഇടിവോടെ. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കവേ ഓഹരി വിലയുള്ളത് 7.26% താഴ്ന്ന് 156.81 രൂപയിൽ. ഒരുവേള വില 156.20 രൂപവരെ താഴ്ന്നിരുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ 177 രൂപ വരെ ഉയർന്ന ശേഷമായിരുന്നു വീഴ്ച.
അവകാശ ഓഹരികൾ (റൈറ്റ്സ് ഇഷ്യൂ/Rights Issue) ഇറക്കി 200 കോടി രൂപ സമാഹരിക്കാൻ ജിയോജിത് ഒരുങ്ങുന്നതിനിടെയാണ് ഓഹരികളുടെ ഇടിവ്. അവകാശ ഓഹരി വിൽപന സംബന്ധിച്ച സമിതി സെപ്റ്റംബർ 19ന് യോഗം ചേരും. ഓഹരി വിൽപനയുടെ നിബന്ധനകൾ തീരുമാനിക്കുകയാണ് ലക്ഷ്യം. അവകാശ ഓഹരികളിറക്കി മൂലധനം സമാഹരിക്കാൻ ജൂലൈ 13ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകിയിരുന്നു.
നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജിയോജിത് 107% വളർച്ചയോടെ 45.81 കോടി രൂപ സംയോജിത ലാഭം നേടിയിരുന്നു. വരുമാനം 56% ഉയർന്ന് 181.18 കോടി രൂപയിലുമെത്തി. ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 1.03 ലക്ഷം കോടി രൂപയുടെ ആസ്തികൾ (എയുഎം/AUM) ജിയോജിത് കൈകാര്യം ചെയ്യുന്നുണ്ട്. 14.12 ലക്ഷം പേരാണ് ഉപയോക്താക്കൾ. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 190% നേട്ടം (റിട്ടേൺ/Return) സമ്മാനിച്ച ഓഹരിയാണ് ജിയോജിത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)