തമിഴ്നാട്ടിൽ കാർ പ്ലാന്റ് തുറക്കാൻ ടാറ്റ
Mail This Article
ചെന്നൈ ∙ തമിഴ്നാട് റാണിപ്പെട്ടിൽ ടാറ്റ മോട്ടോഴ്സ് 9,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിനും 400 കോടി ചെലവുള്ള മെഗാ ഫുട്‌വെയർ പാർക്കിനും 28നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിടും. 4 വില്ലേജുകളിൽ നിന്നായി 1,213 ഏക്കറാണു പദ്ധതിക്കായി കണ്ടെത്തിയത്. 470 ഏക്കറിലാണു ഫാക്ടറി. ജാഗ്വർ, ലാൻഡ് റോവർ (ജെഎൽആർ) തുടങ്ങിയ ആഡംബര കാറിനങ്ങളാണ് ഇവിടെ നിർമിക്കുക. ജെഎൽആർ വിഭാഗത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാക്കി റാണിപ്പെട്ട് യൂണിറ്റിനെ മാറ്റുകയാണു ലക്ഷ്യം. ജില്ലയിലെ ഓട്ടമോട്ടീവ് വ്യവസായങ്ങളിലും അനുബന്ധ വ്യവസായങ്ങളിലും അയ്യായിരത്തോളം പുതിയ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും. തമിഴ്നാട്ടിൽ തുകൽ വ്യവസായത്തിനു കുതിപ്പു നൽകിയാണ് മെഗാ പാദരക്ഷ നിർമാണ പാർക്കും ആരംഭിക്കുന്നത്. 20,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ. സ്ത്രീകൾക്കു മുൻഗണനയുണ്ട്. തുകൽ വസ്തുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കാൻ പുതിയ പാർക്ക് സഹായിക്കും.