കണക്കിലെ പൊരുത്തക്കേടോ? വ്യവസായം വളർന്നിട്ടും ഉയരാതെ ജിഡിപി വിഹിതം
Mail This Article
തിരുവനന്തപുരം∙ വ്യവസായ രംഗത്തു കുതിച്ചുചാട്ടം നടത്തുന്നുവെന്നു സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) കേരളത്തിന്റെ സംഭാവന തീരെ ഉയരാത്തത് ക്ഷീണമായി. കേന്ദ്രം ആശ്രയിക്കുന്ന കണക്കും സംസ്ഥാനത്തിന്റെ കണക്കും തമ്മിലെ പൊരുത്തക്കേടാകാം ഇതിനു കാരണമെന്നാണു സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള അനൗദ്യോഗിക വിശദീകരണം. ഇക്കാര്യം പരസ്യമായി പറയാനുള്ള ആധികാരിക വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നതേയുള്ളൂ.
ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനം പ്രകാരം 2022–23ൽ 6.6 ശതമാനമായിരുന്നു കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ച. ഇതു ദേശീയ ശരാശരിയെക്കാൾ ഉയരെയുമായിരുന്നു. ഇതേ കാലയളവിൽ രാജ്യത്തെ ജിഡിപിയിലേക്കുള്ള സംസ്ഥാനത്തിന്റെ വിഹിതം 3.8 ശതമാനമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കിയത്. തൊട്ടു മുൻ വർഷവും ഇതു തന്നെയായിരുന്നു സംസ്ഥാനത്തിന്റെ വിഹിതം. 2023–24ലും ഇതു മാറ്റമില്ലാതെ തുടർന്നു.
സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനം ഓരോ വർഷവും മെച്ചപ്പെട്ടു വരുമ്പോൾ അതു ദേശീയ വിഹിതത്തിൽ നേരിയ തോതിൽ പോലും പ്രതിഫലിക്കാത്തത് പരിശോധിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ ബജറ്റ് പ്രകാരം 13.11 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ജിഎസ്ഡിപി. ഇതിന്റെ 3% തുകയായ 40,000 കോടിയാണ് ഇക്കുറി കേന്ദ്രം കടമെടുക്കാൻ അനുവദിക്കേണ്ടിയിരുന്നത്. എന്നാൽ, 37,512 കോടി കടമെടുക്കാനുള്ള അനുമതിയാണു ലഭിച്ചത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കണക്കുകളിലെ പൊരുത്തക്കേടാണ് ഇൗ വ്യത്യാസത്തിനു കാരണമെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.