യുദ്ധത്തീയിൽ തിളച്ച് എണ്ണ, ഓഹരി : നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെ കുറഞ്ഞത് 9.78 ലക്ഷം കോടി രൂപ
Mail This Article
കൊച്ചി∙ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്നലെ വിപണിയിലുണ്ടാക്കിയത് വൻ നഷ്ടം. സെൻസെക്സ് 1769 പോയിന്റും നിഫ്റ്റി 546 പോയിന്റും ഇടിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ നഷ്ടം 9.78 ലക്ഷം കോടി രൂപയാണ്. അസംസ്കൃത എണ്ണവിലയും കുതിക്കുകയാണ്. ഇറാനിലെ എണ്ണസംഭരണികൾക്കു നേരെ ഇസ്രയേൽ ആക്രമണമുണ്ടാകുമോയെന്ന ഭയമാണ് വില വർധനയ്ക്കു പിന്നിൽ. കഴിഞ്ഞ രണ്ടു വ്യാപാരദിവസങ്ങളിലായി ക്രൂഡ് വില 5 ശതമാനത്തിലേറെ ഉയർന്ന് ബാരലിന് 77 ഡോളറിനു മുകളിലായി. എണ്ണസംഭരണികൾക്കുമേൽ ഇസ്രയേൽ ആക്രമണമുണ്ടായാൽ എണ്ണവില പിടിവിട്ട് ഉയരും. ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിക്കാരായ രാജ്യങ്ങളിൽ ഇതു വലിയ പ്രതിസന്ധിയുണ്ടാക്കും.
ഇടിവിനു മറ്റു കാരണങ്ങളും
∙എഫ്ആൻഡ് ഒ നിയന്ത്രണങ്ങൾ
ഡെറിവേറ്റീവ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വ്യാപാരം കുറയ്ക്കാനായി സെബി കൊണ്ടുവന്ന പുതിയ ചട്ടങ്ങളും വിപണിയെ സ്വാധീനിച്ചു. എഫ് ആൻഡ് ഒ ട്രേഡുകൾ 30–40% കുറയ്ക്കാനുള്ള സെബിയുടെ പുതിയ നിയന്ത്രണങ്ങൾ ഡെറിവേറ്റീവ് വിപണിയുടെ ലിക്വിഡിറ്റിയെ ബാധിക്കുമെന്ന ആശങ്കയാണിതിനു പിന്നിൽ.
∙ചൈനയുടെ ഉണർവ്
ചൈനീസ് ഓഹരി വിപണികളുടെ തിരിച്ചുവരവ് ഇന്ത്യൻ വിപണിക്കു നിരാശയായി. വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു ചൈനയിലേക്കു പോകുമോ എന്ന ആശങ്കയും വിപണിയിൽ പ്രതിഫലിച്ചു.
∙ലാഭമെടുപ്പ്
ഫെഡറൽ റിസർവ് പലിശ നിരക്കു കുറച്ചതിനു ശേഷം ഇന്ത്യൻ വിപണികൾ വലിയ തോതിൽ മുന്നേറ്റം നടത്തിയിരുന്നു.ഇതിന്റെ ലാഭമെടുപ്പും വിപണിയിൽ നടക്കുന്നുണ്ട്.
സ്വർണവില പുതിയ ഉയരത്തിൽ
വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് 7110 രൂപയും പവന് 80 രൂപ വർധിച്ച് 56,880 രൂപയുമായി. കഴിഞ്ഞമാസം 27നു രേഖപ്പെടുത്തിയ ഗ്രാമിന് 7100, പവന് 56800 രൂപയാണ് ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ രാജ്യാന്തര തലത്തിൽ സ്വർണവില മുന്നേറുകയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില (31.1 ഗ്രാം) 2655 ഡോളർ നിലവാരത്തിലാണ്.
രൂപയ്ക്ക് 14 പൈസ നഷ്ടം
ഓഹരി വിപണികളിലെ നഷ്ടവും അസംസ്കൃത എണ്ണവില വർധനയും രൂപയുടെ മൂല്യമിടിച്ചു. ഇന്നലെ ഡോളറിനെതിരെ 14 പൈസയുടെ നഷ്ടം നേരിട്ട് മൂല്യം 83.97 ൽ എത്തി.