തട്ടിപ്പ് കോളുകളും എസ്എംഎസും ട്രായ് ഒന്നര മാസത്തിനിടെ തടഞ്ഞത് 18 ലക്ഷം നമ്പറുകൾ
Mail This Article
ന്യൂഡൽഹി∙ അനാവശ്യ, തട്ടിപ്പ് കോളുകളും എസ്എംഎസുകളും അയച്ച 18 ലക്ഷം നമ്പറുകൾ കഴിഞ്ഞ ഒന്നരമാസത്തിനിടയ്ക്ക് ബ്ലോക് ചെയ്തതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു.ഇന്ത്യൻ ഫോൺ നമ്പറുകളുടെ മറവിൽ വിദേശത്തു നിന്ന് വിളിക്കുന്ന ‘കോൾ സ്പൂഫിങ്’ തട്ടിപ്പ് രീതി നേരിടാൻ കേന്ദ്രീകൃത സംവിധാനം ഉടൻ വരുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് പ്രഖ്യാപിച്ചു. തട്ടിപ്പു കോളിനെത്തുടർന്ന് ആഗ്രയിൽ ടീച്ചർ മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് നീക്കം.
നിലവിൽ നമുക്ക് ലഭിക്കുന്ന പല തട്ടിപ്പു കോളുകളും ഇന്ത്യൻ നമ്പറുകളിൽ നിന്നാണെങ്കിലും, ഇവ ഉദ്ഭവിക്കുന്നത് ഇന്ത്യയിൽ നിന്നാകണമെന്നില്ല. കോളിങ് ലൈൻ ഐഡന്റിറ്റി (സിഎൽഐ) ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഇത് ടെലികോം കമ്പനികളുടെ തലത്തിൽ തടയാനായി നടപടിയെടുത്തിട്ടുണ്ടെങ്കിലും പൂർണമായും ഫലവത്തായിട്ടില്ല. 45 ലക്ഷം സ്പൂഫിങ് കോളുകൾ ദിവസവും ടെലികോം കമ്പനികളുടെ തലത്തിൽ തടയുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ബാക്കിയുള്ള കോളുകൾ കൂടി തടയാനാണ് കേന്ദ്രീകൃത സംവിധാനം.
വ്യാജ ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള സൈബർ തട്ടിപ്പുകൾ നടക്കുന്നത് ഇത്തരം നമ്പറുകൾ ഉപയോഗിച്ചാണ്.വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്ത 1.77 കോടി മൊബൈൽ കണക‍്ഷനുകൾ ഒന്നര വർഷത്തിനിടയിൽ റദ്ദാക്കിയെന്ന് ടെലികോം വകുപ്പ് അറിയിച്ചു.സൈബർ തട്ടിപ്പിനുപയോഗിച്ച 33.48 ലക്ഷം മൊബൈൽ കണക‍്ഷനുകളും 49,930 ഹാൻഡ്സെറ്റുകളും ബ്ലോക് ചെയ്തു.വ്യക്തിഗത സിം പരിധി (ഒരാൾക്ക് 9) ലംഘിച്ചതിന് 77.61 ലക്ഷം മൊബൈൽ കണക‍്ഷനുകളാണ് റദ്ദാക്കിയത്.